കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പി.രാജീവിനെതിരെയും പാര്‍ട്ടിക്കെതിരെയും നിര്‍ണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ പി. രാജീവ് സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ സമ്മര്‍ദം ചെലുത്തിയെന്ന് ബാങ്ക് മുൻ സെക്രട്ടറി സുനില്‍ കുമാര്‍ മൊഴി നല്‍കിയതായി ഇ.ഡി ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ പറയുന്നു.
എ.സി.മൊയ്തീൻ, പാലൊളി മുഹമ്മദ് കുട്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ജില്ലാ, ഏരിയ, ലോക്കല്‍ കമ്മിറ്റി നേതാക്കളും സമ്മര്‍ദം ചെലുത്തിയെന്നും സുനില്‍കുമാര്‍ മൊഴിനല്‍കി.
കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്പ നല്‍കിയതില്‍ സി.പി.എമ്മിന് പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഇ.ഡി പറയുന്നു. അംഗത്വമില്ലാതെ പാര്‍ട്ടി അക്കൗണ്ടുകള്‍ ബാങ്കില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇ.ഡി സത്യാവാങ്മൂലത്തില്‍ പറയുന്നു. പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം, തെരഞ്ഞെടുപ്പ്, സുവനീര്‍ തുടങ്ങിയവക്ക് പണം കണ്ടെത്താൻ ഈ അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തിയെന്നുമെന്നാണ് വെളിപ്പെടുത്തല്‍.
സി.പി.എം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം മിനിറ്റ്സ് ബുക്കും സൂക്ഷിച്ചിരുന്നു. 17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇ.ഡി പറയുന്നു.