പ്രധാനമന്ത്രി നരേന്ദ്രമോദി ആദിവാസി ക്ഷേമത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് തെരഞ്ഞെടുപ്പടുത്തതുകൊണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.
2013നെ അപേക്ഷിച്ച് ആദിവാസി വിഭാഗത്തിനെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ക്ഷേമത്തെ സംബന്ധിച്ച് മോദി സര്‍ക്കാറിനോടുള്ള മൂന്ന് ചോദ്യങ്ങളും ഖാര്‍ഗെ എക്സിലൂടെ പങ്കുവെച്ചു.
2013 നെ അപേക്ഷിച്ച് ആദിവാസികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 48.15% വര്‍ധനവ് ഉണ്ടായത് എന്തുകൊണ്ടാണെന്നും വനാവകാശ നിയമം 2006, നടപ്പിലാക്കുന്നതില്‍ ബി.ജെ.പിയുടെ ഇരട്ട എൻജിൻ സര്‍ക്കാരുകള്‍ എന്തുകൊണ്ടാണ് പൂര്‍ണ്ണമായും പരാജയപ്പെടുന്നതെന്നും മോദി സര്‍ക്കാരിന്റെ ഗോത്രകാര്യ മന്ത്രാലയത്തിന്റെ വികസന പദ്ധതിയുടെ ചെലവില്‍ തുടര്‍ച്ചയായ കുറവുണ്ടായത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. 2018-19ല്‍ 250 കോടി രൂപയായിരുന്നത് 2022-23ല്‍ 6.48 കോടി രൂപയായി കുറഞ്ഞെന്ന് പാര്‍ലമെന്ററി സമിതി പറയുന്നതായി ഖാര്‍ഗെ വ്യക്തമാക്കി.
പരാജയപ്പെട്ട പദ്ധതിയുടെ പേര് മാറ്റി തെരഞ്ഞെടുപ്പ് കാലത്ത് ആദിവാസി സമൂഹത്തെ കബളിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജലം, വനം, ഭൂമി, ആദിവാസി നാഗരികത എന്നിവയുടെ സംരക്ഷണം നമ്മുടെ കടമയാണെന്നും രാജ്യത്തെ ആദിവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി കോണ്‍ഗ്രസ് പാര്‍ട്ടി പോരാടുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.