ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് നടക്കാനിരിക്കെ അയോദ്ധ്യയില്‍ ഭൂമി സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചൻ.
അയോദ്ധ്യയിലെ സെവൻ സ്റ്റാര്‍ എൻക്ളേവിലാണ് ബച്ചൻ സ്ഥലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
എത്ര സെന്റ് സ്ഥലമാണ് വാങ്ങിയതെന്നും എത്ര രൂപയ്ക്കാണ് വാങ്ങിയതെന്നും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇല്ലെങ്കിലും 14.5 കോടി രൂപയ്ക്ക് 10,000 ചതുരശ്രയടി സ്ഥലമാണ് രാമനഗരിയില്‍ ബച്ചൻ സ്വന്തമാക്കിയതെന്നാണ് വിവരം. 51 ഏക്കറുകളിലായി പരന്ന് കിടക്കുന്ന ‘സരയു’ എന്ന് പേരുള്ള സ്ഥലം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ തന്നെ ഉദ്ഘാടനം നിര്‍വഹിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാമക്ഷേത്രത്തില്‍ നിന്ന് കഷ്ടിച്ച് 15 മിനിട്ട് മതി ഈ സ്ഥലത്തെത്താൻ. വിമാനത്താവളത്തില്‍ നിന്ന് അരമണിക്കൂര്‍ ദുരത്തിലും. സ്ഥലത്ത് ഒരു ഫൈവ് സ്റ്റാര്‍ പാലസ് ഹോട്ടല്‍ പണിയുമെന്ന് ബച്ചനുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2028 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് നീക്കമെന്നും പറയപ്പെടുന്നു. മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ഹൗസ് ഒഫ് അഭിനന്ദൻ ലോധയാണ് കെട്ടിടത്തിന്റെ നിര്‍മാതാക്കള്‍.
തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോദ്ധ്യയിലെ സരയുവില്‍ ദി ഹൗസ് ഒഫ് ലോധയുമായി യാത്ര ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു പരിപാടിയില്‍ ബച്ചൻ പറഞ്ഞിരുന്നു. അയോദ്ധ്യയുടെ കാലാതീതമായ ആത്മീയതയും സാംസ്കാരിക സമൃദ്ധിയും ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറവും ആ സ്ഥലവുമായി വൈകാരിക ബന്ധം അനുഭവപ്പെടുന്നതിന് കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അയോദ്ധ്യയുടെ ആത്മാവിലേയ്ക്കുള്ള ഒരു ഹൃദയസ്പര്‍ശിയായ യാത്രയുടെ തുടക്കമാണിത്. അവിടെ പാരമ്ബര്യവും ആധുനികതയും പരിധികളില്ലാതെ സമന്വയിക്കുന്നു. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റേതായി ഒരു കെട്ടിടം പണിയാൻ ഞാൻ ആഗ്രഹിക്കുന്നു’-ബച്ചൻ വ്യക്തമാക്കി. അയോദ്ധ്യ സരയുവിലെ ആദ്യ പൗരനാണ് ബച്ചനെന്ന് ദി ഹൗസ് ഒഫ് അഭിനന്ദൻ ലോധ ചെയര്‍മാൻ അഭിനന്ദൻ ലോധ പറഞ്ഞു. അയോദ്ധ്യയില്‍ നിന്ന് നാല് മണിക്കൂര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രയാഗ്‌രാജാണ് ബച്ചന്റെ ജന്മസ്ഥലം.