ബാബുരാജ് കെ
കേരളത്തിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ആയിരുന്ന കെ ആർ ഗൗരി അമ്മയും എം വി രാഘവനും പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞു സ്വന്തം പാർട്ടി ഉണ്ടാക്കിയിട്ടും ഏറെക്കാലം അതു സജീവമായി മുന്നോട്ടു കൊണ്ടു പോകാൻ അവർക്ക് കഴിഞ്ഞില്ല. രണ്ടു പേരും യു ഡി എഫിൽ ചേർന്ന് മന്ത്രിമാരായി എന്നതു മാത്രമാണ് നേട്ടം. ഗൗരി അമ്മയുടെ പാർട്ടി ഇപ്പോൾ പേരിനു പോലും ഉള്ളതായി അറിവില്ല. എം വി ആറിന്റെ പാർട്ടി രണ്ടോ മൂന്നോ കഷ്ണമായി മാറി. വ്യക്തി കേന്ദ്രീകൃത പാർട്ടികളുടെയെല്ലാം അന്ത്യം ഇങ്ങിനെയാണ്. ഒരാവേശത്തിൽ എടുത്തു ചാടി പാർട്ടി ഉണ്ടാക്കും. കുറേക്കഴിഞ്ഞു അതു താനേ ഇല്ലാതാകും. അല്ലെങ്കിൽ ചത്തതിനൊക്കുമേ ജീവിക്കുന്ന അവസ്ഥയാകും. കെ കരുണാകരനും ഇബ്രാഹിം സുലൈമാൻ സേട്ടുമൊക്കെ ഇതേപോലെ ദീർഘകാലം ഉന്നത നേതൃപദവിയിൽ ഇരുന്ന പാർട്ടിയെ വെല്ലുവിളിച്ചു പുറത്തു വന്നു പുതിയ പാർട്ടി ഉണ്ടാക്കി പരാജയപ്പെട്ടവരാണ്.
ഇവരുമായൊക്കെ താരതമ്യം ചെയ്യാൻ അർഹതയുള്ള ആളല്ല പി വി അൻവർ. അദ്ദേഹം രണ്ടു തവണ എം എൽ എ ആയെങ്കിലും ഒരു പാർട്ടിയിലും പെടാത്ത സ്വതന്ത്രനാണ്. സഖാവ് എന്ന കുപ്പായം അൻവർ സ്വയം എടുത്തണിഞ്ഞു എന്നല്ലാതെ സിപിഎം ഒരിക്കലും അദ്ദേഹത്തിന്നത് കൊടുത്തിട്ടില്ല. പാർട്ടിയുടെ പ്രാഥമിക അംഗം പോലും ആക്കിയിട്ടില്ല. പണ്ടു കാലങ്ങളിലെപ്പോലെ സിപിഎമ്മിൽ അംഗത്വം കിട്ടാൻ ഒട്ടകത്തിനു സൂചിക്കുഴയിലൂടെ പോകേണ്ടുന്ന അത്ര പ്രയാസമൊന്നും ഇപ്പോഴില്ല. എന്നിട്ടും രണ്ടു തവണ മത്സരിപ്പിച്ചു ജയിപ്പിച്ചിട്ടും അൻവറിനെ സിപിഎമ്മിൽ അംഗമാക്കിയില്ല. ചെറുപ്പത്തിൽ തന്നെ കോൺഗ്രസിൽ ചേർന്ന അൻവർ, കെ കരുണാകരൻ രൂപീകരിച്ച ഡി ഐ സി യിൽ പോയ ശേഷം കോൺഗ്രസിൽ മടങ്ങിപ്പോകാതെ സ്വതന്ത്ര സഖാവിന്റെ വേഷം സ്വീകരിക്കുകയായിരുന്നു. സിപിഎം ബന്ധം ഉപേക്ഷിച്ചപ്പോൾ എം കെ സ്റ്റാലിന്റെ ഡി എം കെയിൽ ചേരാൻ നടത്തിയ നീക്കം പരാജയപ്പെട്ടപ്പോൾ അതേ പേരിൽ സംഘടന രൂപീകരിച്ചു ഉടായിപ്പ് കാട്ടുകയാണ് അൻവർ ചെയ്തത്. ഡി എം കെ യുടെ കൊടിയും മഞ്ഞ ഷാളുമൊക്കെ ഉപയോഗിക്കുന്നു എന്ന പരാതി അൻവറിനെതിരെ ഉയർന്നിരുന്നു.
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചപ്പോൾ സമർഥമായ രാഷ്ട്രീയ നീക്കമാണ് അൻവർ നടത്തിയത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു. പാലക്കാട്ടും ചേലക്കരയിലും സ്ഥാനാർഥിയെ നിർത്തി. അതിൽ ചേലക്കരയിലെ സ്ഥാനാർഥി കോൺഗ്രസുകാരനായി അറിയപ്പെടുന്ന ആളാണ്. യു ഡി എഫുമായി വില പേശാൻ അൻവർ ഇതൊരു അവസരമാക്കി. സാധാരണ നിലയിൽ ഇങ്ങിനെ നിർത്തുന്ന സ്വതന്ത്രന്മാർ കാശ് വാങ്ങിയാണ് പിന്മാറുക. അൻവർ അതു ചെയ്യാൻ ഇടയില്ല. ചേലക്കരയിൽ യൂഡി എഫ് പിൻവലിച്ചാൽ പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്താങ്ങാമെന്നാണ് അൻവറിന്റെ ഉപാധി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുൻപിൽ ഇതു വെക്കുകയും സ്വീകാര്യം അല്ലെന്നു അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അൻവറിനെ സംബന്ധിച്ചടത്തോളം ഇതു തന്നെ വലിയ നേട്ടമാണ്. പാലക്കാട്, ചേലക്കര ഉപതെരഞ്ഞടുപ്പുകളിൽ സജീവ ചർച്ചാ വിഷയമാകാൻ അൻവറിന് കഴിഞ്ഞു. നിയമസഭയിൽ യാതൊരു തെളിവും ഇല്ലാതെ 150 കോടിയുടെ ആരോപണം വി ഡി സതീശനെതിരെ ഉന്നയിച്ച ആളാണ് അൻവർ. അങ്ങനെയൊരാളോടു സ്ഥാനാർഥിയെ പിന്മാറ്റാൻ അഭ്യർത്ഥന നടത്തേണ്ട അവസ്ഥ വന്നു സതീശന്.
അൻവർ മുന്നോട്ട് വെച്ച ഉപാധി ഒരു നിലക്കും അംഗീകരിക്കാൻ കോൺഗ്രസിനു കഴിയില്ല. തെരഞ്ഞെടുപ്പിൽ മത്സരിച്ചു ദയനീയമാം വിധം പരാജയപ്പെട്ടാൽ അൻവറിന്റെ ജനപിന്തുണ നാട്ടുകാർ അറിയുകയും ചെയ്യും. അതിനാൽ അൻവർ പാലക്കാട്ടെ സ്ഥാനാർഥിയെ എങ്കിലും പിൻവലിക്കുമെന്നാണ് കരുതേണ്ടത്. ഒരു പക്ഷേ രണ്ടു പേരും പിന്മാറിയേക്കാം. . അങ്ങിനെ ചെയ്താൽ ഭാവിയിലേക്ക് ഒരു ഒത്തുതീർപ്പ് യു ഡി എഫുമായി ഉണ്ടാക്കിയായിരിക്കും അത്. പൊതു തെരഞ്ഞെടുപ്പിൽ യു ഡി എഫ് പിന്തുണ നിലമ്പൂരിൽ ഉറപ്പ് വരുത്തലാണ് അൻവറിന്റെ ലക്ഷ്യം.. കോൺഗ്രസിൽ പൊട്ടലും ചീറ്റലും ഉണ്ടാക്കാൻ ഇടയുള്ള ഒന്നാണത്. നിലമ്പൂർ സീറ്റിൽ മത്സരിക്കാൻ നോട്ടമിട്ടിരിക്കുന്ന ഒന്നിലേറേപ്പേർ കോൺഗ്രസിൽ ഉണ്ട്. സീറ്റ് കിട്ടാതെ വന്നാൽ അതിലൊരാൾ ഇടതു സ്വതന്ത്രനായി നിലമ്പൂരിൽ അവതരിക്കാനും സാധ്യതയുണ്ട്.