ജീവനക്കാരനെ ആക്രമിച്ച് എ ടി എമ്മിലേക്ക് നിറയ്ക്കാന്‍ കൊണ്ടുപോയ പണം തട്ടിയെടുത്തെന്ന കേസില്‍ വഴിത്തിരിവ്.
പരാതിക്കാരനായ ഏജന്‍സി ജീവനക്കാരനും സുഹൃത്തുമാണ് തട്ടിപ്പിന് പിന്നിലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാർത്ത. പരാതിക്കാരനായ പയ്യോളി സ്വദേശി സുഹൈലിനേയും സുഹൃത്ത് താഹ എന്നിവരെ വിശദമായ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. ഇരുവരേയും കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.
കൊയിലാണ്ടിയില്‍ നിന്ന് എടിഎമ്മില്‍ പണം നിറയ്ക്കാനായി കുരുടിമുക്കിലേക്ക് പോകുന്നതിനിടെ കാർ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് സുഹൈലിന്റെ പരാതി. പർദ്ദയിട്ട ഒരാള്‍ കാറിന് മുന്‍പിലേക്ക് ചാടിയപ്പോള്‍ വണ്ടി നിർത്തി ഇറങ്ങി നോക്കുകയായിരുന്നു. ഈ സമയത്ത് രണ്ടുപേർ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി. തുടർന്ന് സംഘം മുഖത്ത് മുളകുപൊടിയിട്ട് കയ്യും കാലും കെട്ടി കാറിന്റെ പുറകിലിട്ടു. തന്നെ കാട്ടിലപ്പീടികയില്‍ ഉപേക്ഷിച്ച സംഘം 25 ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നുവെന്നുമായിരുന്നു സുഹൈലിന്റെ പരാതി.
കാറില്‍ നിന്നും സുഹൈലിനെ രക്ഷപ്പെടുത്തുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സുഹൈലിന്റെ മൊഴിയില്‍ തുടക്കത്തില്‍ തന്നെ പൊലീസിന് സംശയം തോന്നിയിരുന്നു. ഇതോടെ അദ്ദേഹത്തെ കേന്ദ്രീകരിച്ചായി അന്വേഷണം. കോള്‍ റെക്കോർഡർ ഡാറ്റ ഉള്‍പ്പെടേയുള്ളവരെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതി പരാതിക്കാരന്‍ തന്നെയാണ് കണ്ടെത്തുന്നത്.
സുഹൃത്ത് താഹയുമായി ചേർന്നാണ് സുഹൈല്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. തട്ടിപ്പുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് സുഹൈല്‍ പറഞ്ഞതെങ്കിലും 72 ലക്ഷത്തോളം നഷ്ടമായെന്നാണ് എടിഎം ഏജന്‍സി അധികൃതർ വ്യക്തമാക്കുന്നത്. താഹയില്‍ നിന്നും 37 ലക്ഷത്തോളം രൂപ പൊലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ആക്രമണം നടന്നുവെന്ന് പറയപ്പെടുന്ന കുരുടിമുക്കില്‍ സുഹൈലുമായി എത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ കുരുടിമുക്കില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. കാറിലും ദേഹത്തും മുളുകുപൊടി ആയിട്ടുണ്ടെങ്കിലും കണ്ണില്‍ മുളകുപൊടി വിതറിയിട്ടില്ലെന്നതും സംശയം ബലപ്പെടുത്തി. തലയ്ക്ക് അടിയേറ്റതായി മൊഴിയുണ്ടായിരുന്നെങ്കിലും വൈദ്യ പരിശോധനയില്‍ അതിന്റേയും സൂചനകള്‍ ലഭിച്ചില്ല. ഇതോടെയാണ് പൊലീസ് അന്വേഷണം പൂർണ്ണമായും സുഹൈലിലേക്ക് വഴി തിരിച്ച് വിടുന്നത്.