ഗവർണറിലൂടെ അമിതാധികാരം സംസ്ഥാന സർക്കാരിന്റെ മുകളിൽ അടിച്ചേൽപ്പിക്കാൻ നടത്തുന്ന ബിജെപി ശ്രമത്തിന്റെ ഭാഗമാണ് ഗവർണർ-മുഖ്യമന്ത്രി പോരെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എത്രയോ വർഷമായി ഉണ്ടാക്കിവച്ച ലോകായുക്ത ഭംഗിയായി കാര്യങ്ങൾ നിർവഹിക്കുന്നു, ആ ലോകായുക്തയുടെ അധികാരങ്ങൾ കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട സംസ്ഥാന സർക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയായാലും ഗവർണറായാലും ഭരണഘടന വിരുദ്ധമായി പ്രവർത്തിക്കരുത്. ജനാധിപത്യത്തെ സംരക്ഷിക്കാൻ തയ്യറാകണം. കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഗവർണർ ശ്രമിക്കുന്നു. സർക്കാരിന്റെയും ഗവർണറുടെയും ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടെന്നും അത് പരിഹരിക്കണമെന്നും സുധാകരൻ വ്യക്തമാക്കി. കേരളവർമ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്ന് സുധാകരൻ കുറ്റപ്പെടുത്തി. നാലോ അഞ്ചോ തവണ റീകൗണ്ടിങ് നടത്തിയെന്നും കേസുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ വ്യക്തമാക്കി.
അതേസമയം കേരളവർമ്മ കോളേജിലെ എസ്എഫ്ഐ വിജയം അട്ടിമറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. റീകൗണ്ടിങ്ങിലാണ് 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. വിജയം അംഗീകരിക്കാതെ എസ്എഫ്ഐ പാതിരാത്രിയിലും റീകൗണ്ടിംഗ് നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നുവെന്ന് വിഡി സതീശൻ ആരോപിച്ചു. അതിന് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകർ കൂട്ടുനിന്നെന്നും അദ്ദേഹം വിമർശിച്ചു.