കര്‍ഷകന്‍ ജീവനൊടുക്കിയതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് ; കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജേ

കണ്ണൂര്‍ അയ്യന്‍കുന്നില്‍ കര്‍ഷകന്‍ ജീവനൊടുക്കിയതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജേ.

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. നിരവധി കര്‍ഷകരുടെ പണം സഹകരണ സംഘങ്ങളിലുണ്ട്. കര്‍ഷകരെ സര്‍ക്കാര്‍ അടിയന്തരമായി സഹായിക്കണം. സംസ്ഥാനത്തെ കര്‍ഷകരും സഹകരണ സംഘങ്ങളും പ്രതിസന്ധിയിലാണ് എന്നും മന്ത്രി പറഞ്ഞു.

കര്‍ഷകന്‍ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ സങ്കട ഹര്‍ജി തയ്യാറാക്കി വെച്ച ശേഷമാണ്. ദുരിതങ്ങള്‍ വിവരിച്ചാണ് നിവേദനം തയ്യാറാക്കിയിരുന്നത്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും നിവേദനം ഹര്‍ജിയിലുണ്ട്. പേരാവൂരില്‍ നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് നല്‍കാനായിരുന്നു സങ്കട ഹര്‍ജി തയ്യാറാക്കിയത്. എന്നാല്‍, ഇത് കൊടുക്കുന്നതിനു മുന്‍പ് തന്നെ സുബ്രഹ്മണ്യന്‍ ആത്മഹത്യ ചെയ്തു.

സുബ്രഹ്മണ്യന്‍ ആത്മഹത്യ ചെയ്തത് വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്നെന്ന് കുടുംബം പറഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് പാലത്തുംകടവ്, മുടിക്കയം സ്വദേശി നടുവത്ത് സുബ്രമണ്യന്‍ ആത്മഹത്യ ചെയ്തത്. ക്യാന്‍സര്‍ രോഗി ആയിരുന്ന സുബ്രമണ്യന്‍ പെന്‍ഷന്‍ കൂടി മുടങ്ങിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രണ്ടേക്കര്‍ ഇരുപത് സെന്റ് സ്ഥലവും വീടും ഉപേക്ഷിച്ച്‌ വാടക വീട്ടിലേക്ക് മാറേണ്ടി വന്ന കര്‍ഷകനാണ് സുബ്രമണ്യന്‍. സുബ്രമണ്യന്‍ ക്യഷി ചെയ്തതൊക്കെ കാട്ടാന നശിപ്പിച്ചു. ഒടുവില്‍ വീടിന് നേരെയും കാട്ടനയുടെ ആക്രമണം ഉണ്ടായതോടെ എല്ലാം ഉപേക്ഷിച്ച്‌ വാടക വീട്ടിലേക്ക് മാറി. രണ്ടര വര്‍ഷമായി നാട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടകവീട്ടില്‍ ആയിരുന്നു താമസം. വാടക വാങ്ങാതെയാണ് വീട്ടുടമ ഇവരെ താമസിപ്പിച്ചിരുന്നത്. എന്നാല്‍ വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തത്കാലം മാറി താമസിക്കാന്‍ കഴിഞ്ഞ ദിവസം വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാര്‍ മറ്റൊരു വീട് തേടുന്നതിനിടെ സുബ്രഹ്മണ്യന്‍ ജീവിതം അവസാനിപ്പിച്ചു.

ക്യാന്‍സര്‍ രോഗബാധിതനായിരുന്ന സുബ്രഹ്മണ്യന് വാര്‍ദ്ധക്യ കാല പെന്‍ഷനായിരുന്നു ഏക വരുമാന മാര്‍ഗം. എന്നാല്‍ പെന്‍ഷന്‍ മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ലൈഫ് പദ്ധതിയിയില്‍ വീടിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും സ്വന്തമായി രണ്ടേക്കര്‍ ഭൂമിയുള്ളതിനാല്‍ നിരസിക്കപ്പെട്ടെന്നും ബന്ധുക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *