‘നമോ ഭാരത്’ രണ്ടാം ഘട്ടത്തിന്‍റെ ട്രയല്‍ റണ്‍ തുടങ്ങി

വന്ദേഭാരതിനു പിന്നാലെ രാജ്യത്തെ ആദ്യ സെമി ഹൈ – സ്പീ‍ഡ് ട്രയിൻ ആയ നമോ ഭാരതും എത്തി. ആദ്യ നമോ ഭാരത് ട്രെയിൻ ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.

ഉത്തര്‍പ്രദേശിലെ ഷഹീബാബാദ് മുതല്‍ ദുഹായ് വരെയുള്ള സര്‍വീസ് ആയിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍, ദുഹായ് മുതല്‍ മോദി നഗര്‍ വരെയുള്ള നമോ ട്രെയിനിന്റെ ട്രയല്‍ റണ്‍ നടന്നു.

ദുഹായ് സ്റ്റേഷനില്‍നിന്നു പുറപ്പെട്ട് മുരാദ് നഗര്‍ സ്റ്റേഷനില്‍ എത്തിയ ട്രെയിൻ മോദി നഗര്‍ സൗത്തിലേക്കു കൂടി ട്രയല്‍ റണ്‍ നടത്തുകയായിരുന്നു.

നേരത്തേ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ വന്ദേ ഭാരതായിരുന്നു. 160 കിലോമീറ്റര്‍ ആണ് വന്ദേഭാരതിന്‍റെ പരമാവധി വേഗത. എന്നാല്‍ നമോ ഭാരതിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

ഉത്തര്‍ പ്രദേശിലെ സാഹിബാബാദിനെയും ദുഹായ് ഡിപ്പോയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജ്യണല്‍ ട്രെയിന്‍ സര്‍വീസ് ഇടനാഴിയുള്ളത്.

സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ധാര്‍, ദുഹായ്, ദുഹായ് ഡിപ്പോ എന്നീ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തും. ആകെ 82 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി മീററ്റ് പാതയില്‍ നിര്‍മാണം പൂര്‍ത്തിയായ സാഹിബാബാദ്-ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ്.

റീജനല്‍ റാപിഡ് ട്രെയിൻ സര്‍വീസ് ആയ നമോ ഭാരതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്ബോള്‍ ‍ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാൻ കഴിയും.

സ്ത്രീകള്‍ മാത്രമാണ് നമോ ഭാരതിലെ ജീവനക്കാര്‍ എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ അടയാളമാണ് ഇതെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ആധുനികമായ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചാണ് നമോ ഭാരത് ട്രെയിനുകള്‍ എത്തുന്നത്. സിസിടിവി കാമറകള്‍, എമര്‍ജന്‍സി ഡോര്‍ സിസ്റ്റം, സ്വിച്ച്‌ അമര്‍ത്തിയാല്‍ ട്രെയിന്‍ ഓപ്പറേറ്ററുമായി സംസാരിക്കുന്ന സംവിധാനം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.

ഉന്നത നിലവാരമുള്ള സീറ്റുകളും വൈഫൈ സൗകര്യവും ഓരോ സീറ്റിലും ചാര്‍ജിങ് പോയിന്റുമെല്ലാം നമോ ഭാരത് ട്രെയിനുലുണ്ട്. 30,000 കോടി രൂപ മുതല്‍ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുമ്ബോള്‍ വിനോദസഞ്ചാരമേഖലയിലും വലിയൊരു കുതിച്ചു ചാട്ടം നടത്താൻ രാജ്യത്തിന് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *