റേഷൻ വിതരണം തടസ്സപ്പെടും

റേഷൻ ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തില്‍. സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെടും.

കുടിശ്ശികത്തുക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഭക്ഷ്യവസ്തുക്കള്‍ വിതരണത്തിന് എത്തിച്ച വകയില്‍ സപ്ലൈകോ 100 കോടി രൂപ നല്‍കാനുണ്ടെന്ന് കരാറുകാര്‍ പറയുന്നു. തിങ്കളാഴ്ച ഇവര്‍ സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

എഫ്.സി.ഐ ഗോഡൗണുകളില്‍നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെനിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യവസ്തുക്കള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാരുടെ സംഘടനയായ ഓള്‍ കേരള ട്രാൻസ്പോര്‍ട്ടിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനാണ് സമരം നടത്തുന്നത്. ഇതുസംബന്ധിച്ച്‌ സിവില്‍ സപ്ലൈസ് കോര്‍പറേഷൻ മാനേജിങ് ഡയറക്ടര്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷ്യവസ്തുക്കള്‍ വിതരണത്തിനെടുക്കുന്നത് ചൊവ്വാഴ്ച മുതല്‍ നിര്‍ത്തിവെക്കും. 56 കരാറുകാര്‍ക്കായാണ് 100 കോടിയോളം രൂപ സപ്ലൈകോയില്‍നിന്ന് ലഭിക്കാനുള്ളത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതലുള്ള തുകയാണിത്.

Leave a Reply

Your email address will not be published. Required fields are marked *