സംസ്ഥാനത്തിന്‍റെ സാമ്ബത്തിക നില സംബന്ധിച്ച 12 വിഷയങ്ങളിലെ വിശദീകരണമാണ് ചീഫ് സെക്രട്ടറിയില്‍നിന്ന് ഗവര്‍ണര്‍ തേടിയത്.
കേരളത്തില്‍ സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യുന്നതിന് മുന്നോടിയായാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്. തനിക്ക് ലഭിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറുടെ നീക്കം.
സാധാരണയായി ലഭിക്കുന്ന നിവേദനങ്ങള്‍ സര്‍ക്കാറിന്റെ റിപ്പോര്‍ട്ടിന് അയക്കുന്നതില്‍നിന്നും വ്യത്യസ്തമായി, സാമ്ബത്തിക അടിയന്തരാവസ്ഥ ശിപാര്‍ശ ചെയ്യണമെന്ന നിവേദനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള കത്താണ് രാജ്ഭവൻ സെക്രട്ടറി കൂടിയായ അഡീഷനല്‍ ചീഫ് സെക്രട്ടറി സര്‍ക്കാറിന് കൈമാറിയത്. ഈ സാഹചര്യത്തില്‍ വസ്തുനിഷ്ഠമായ വിശദീകരണം നല്‍കുന്നതില്‍നിന്നും സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാവില്ല.
കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും ദൈനംദിന ചെലവുകള്‍ക്കുപോലും ബുദ്ധിമുട്ടുന്നതായും കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളെ അവഗണിച്ച് വിശദീകരണം നല്‍കാനും ചീഫ് സെക്രട്ടറിക്കാവില്ല. നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗാരന്റിയുള്ള കെ.ടി.ഡി.എഫ്.സിയുടെ ഹരജിയിലാണ് സര്‍ക്കാറിന്റെ ധനസ്ഥിതി സംബന്ധിച്ച് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയുടെ ശമ്ബളവും പെൻഷനും നല്‍കാനുള്ള ബാധ്യത സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുത്താല്‍ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സമാന ആവശ്യം ഉന്നയിക്കാനിടയുള്ളത് കണക്കിലെടുത്താണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്നാണ് സി.പി.എം നിലപാട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360 (1) പ്രകാരം സാമ്ബത്തിക അടിയന്തരാവസ്ഥ നടപ്പാക്കാൻ രാഷ്ട്രപതിക്ക് ശിപാര്‍ശ ചെയ്യണമെന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദത്തില്‍ പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്. നിവേദനത്തോടൊപ്പം പരാതിക്കാരൻ സമര്‍പ്പിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധിയുടെയും, ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തിന്റെയും പകര്‍പ്പുകള്‍ ചീഫ് സെക്രട്ടറിക്ക് രാജ് ഭവൻ അയച്ചുകൊടുത്തിട്ടുണ്ട്.
അതേസമയം, കേരളത്തെ സാമ്ബത്തികമായി ശ്വാസംമുട്ടിക്കുന്ന കേന്ദ്രനടപടികള്‍ അക്കമിട്ട് ഗവര്‍ണര്‍ക്ക് മറുപടി നല്‍കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചന.