എക്‌സിറ്റ്‌പോള്‍ CPMനെതിരായിരിക്കും; ആഭ്യന്തര മന്ത്രിയാകാൻ ശേഷിയുള്ളവരാണ് ഇടത് സ്ഥാനാര്‍ഥികള്‍- ഗോവിന്ദൻ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ശനിയാഴ്ച വരാനാനിരിക്കെ അത് തങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

എക്സിറ്റ് പോളൊക്കെ സിപിഎമ്മിനെതിരായിരിക്കും. കേരളത്തില്‍ 20 സീറ്റുകളിലും യുഡിഎഫ് ആണെന്നും സിപിഎമ്മിന് പൂജ്യം ആണെന്നും എക്സിറ്റ് പോള്‍ വന്നാലും ഒരു പ്രശ്നവുമില്ല. കേരളത്തിലെ മാധ്യമ ശൃംഖലയും അതുമായി ബന്ധപ്പെട്ട് എക്സിറ്റ്പോളും അങ്ങനെ ആയിപ്പോയെന്നും എം.വി.ഗോവന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിപിഎം സർക്കാരിന്റെ ഭാഗമാകുമോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യ മുന്നണി വരട്ടെ. ഇല്ലാത്തൊരു കാര്യത്തിനെ കുറിച്ച്‌ ഇപ്പോള്‍ ചർച്ച ചെയ്യേണ്ട കാര്യമില്ല. വന്നുകഴിഞ്ഞാല്‍ അപ്പോള്‍ ആലോചിക്കാം’ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മന്ത്രി സ്ഥാനത്തിനായി ഇപ്പോഴേ കുപ്പായം തുന്നിവെക്കുന്നവരല്ല ഇടതുപക്ഷക്കാർ. ശക്തമായ രാഷ്ട്രീയ ദിശാബോധത്തോടെ പാർലമെന്റില്‍ പ്രവർത്തിക്കാൻ കഴിയുന്ന സ്ഥാനാർഥികളെയാണ് നിർത്തിയിട്ടുള്ളത്. അവരെ കേന്ദ്ര ആഭ്യന്ത്രര മന്ത്രിയും ധനകാര്യ മന്ത്രിയും വിദേശകാര്യ മന്ത്രിയും ആക്കാം. അതിനുള്ള ശേഷിയുള്ളവരാണ് കേരളത്തില്‍നിന്ന് പോകുന്ന ഇടത് നേതാക്കളെല്ലാം. അതിന്റെ അർത്ഥം ഇവരെ നാളെ മന്ത്രിയാക്കണമെന്നല്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

കർണാടക സർക്കാരിനെതിരെ യാഗവും മൃഗബലിയും തളിപ്പറമ്ബിലെ ക്ഷേത്രത്തില്‍ നടത്തിയെന്ന ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. ‘ശിവകുമാറിന്റെ വെളിപ്പെടുത്തല്‍ ഭ്രാന്താണ്. തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രമെന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട ഹിന്ദുക്ഷേത്രമാണ്. അവിടെ പഴയ ക്ഷേത്രത്തിലുള്ളത് പോലെ ബലിയും ശത്രുസംഹാര പൂജയുമില്ല. കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ തകർക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് തന്നെ വർഗീയ നിലപാട് സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്’ – ഗോവിന്ദൻ പറഞ്ഞു.

മോദി സർക്കാരന്റെ ചെപ്പടിവിദ്യകളൊന്നും ജനങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പിന്റെ ഓരോഘട്ടം കഴിയുമ്ബോഴും പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. നാലാം തീയതിക്ക് ശേഷം താൻ തന്നെയാണ് ദൈവമെന്ന് പറയാൻ മോദി മടിക്കില്ല. അത്തരത്തിലാണ് അധഃപതനമാണ് ഓരോദിവസവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും വാർത്താസമ്മേളനത്തില്‍ എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ശശി തരൂർ എംപിയുടെ പാസ് ഉപയോഗിച്ചുകൊണ്ടാണ് ശിവകുമാർ പ്രസാദ് എന്ന ജീവനക്കാരൻ സ്വർണംകടത്തിയതിന് പിടിയിലായത്. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഒരു പ്രധാനപ്പെട്ട വാർത്ത ആയിട്ടില്ല. എന്നാല്‍ ഇടതുപക്ഷത്തിനെതിരെ കള്ള പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് പറഞ്ഞ എം.വി.ഗോവിന്ദൻ മാധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

വീണ വിജയനെതിരായ ആരോപണത്തില്‍ ഷോണ്‍ ജോർജിനെതിരെ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കാത്തതെന്ന് ചോദ്യത്തിന് ഗോവിന്ദൻ ഇങ്ങനെ മറുപടി നല്‍കി,’നിയമം എന്ന് പറയാൻ തന്നെ ഷോണ്‍ ജോർജിന് അവകാശമില്ല. പിന്നെയല്ലേ നിയമനടപടി. കള്ളക്കഥയുണ്ടാക്കുക അപ്പോള്‍ തന്നെ പൊളിഞ്ഞുപോകുക. അതിനെ നേരിടാനൊന്നും കോടതിയില്‍ പോകേണ്ട കാര്യമില്ല. ആരോപണമല്ല ഇത്. കളവാണ്. അത് രണ്ടും രണ്ടാണ്. അതിന് കേസും നടപടിയുമില്ല’. രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ച പാർട്ടിയില്‍ നടന്നിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *