വിരമിച്ച ബി.എസ്.എൻ.എല്‍. ജീവനക്കാരൻ പാപ്പച്ചനെ കൊലപ്പെടുത്താൻ പ്രതികളായ സരിതയും അനിമോനും അടക്കമുള്ളവർ നടത്തിയത് ‘മികച്ച’ ആസൂത്രണം.
കുടുംബാംഗങ്ങളോട് പാപ്പച്ചൻ പുലർത്തിയിരുന്ന അകലം അദ്ദേഹത്തോട് അടുക്കാനുള്ള അവസരമാക്കിയാണ് സരിത തട്ടിപ്പുകളും കൊലപാതകശ്രമങ്ങളും നടത്തിയത്.
ആശ്രാമം മൈതാനത്തും പരിസരത്തുമെല്ലാം സൈക്കിളില്‍ സ്ഥിരമായി പാപ്പച്ചൻ സഞ്ചരിക്കാറുണ്ടെന്നു മനസ്സിലാക്കിയായിരുന്നു പ്രതികളുടെ നീക്കങ്ങള്‍. പാപ്പച്ചൻ വീട്ടില്‍നിന്നു പുറത്തിറങ്ങുന്ന സമയംനോക്കി അദ്ദേഹത്തെ അപായപ്പെടുത്താനായിരുന്നു തീരുമാനം. ശങ്കേഴ്സ് ആശുപത്രി പരിസരം, കടപ്പാക്കട ഭാഗം എന്നിവിടങ്ങളിലെല്ലാംവെച്ച് സൈക്കിളില്‍ മാഹീന്റെ ഓട്ടോയിടിപ്പിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ ശ്രമം വിജയിക്കില്ലെന്ന് ഉറപ്പായതോടെയാണ് അനിമോനുമായി ബന്ധപ്പെട്ട് കാർ വാടകയ്ക്കെടുത്തത്. കനത്ത മഴമൂലം വീടിനു പുറത്തിറങ്ങാതിരുന്ന പാപ്പച്ചനെ പുറത്തിറക്കാൻ പ്രതികള്‍ ശ്രമിച്ചിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.
ലക്ഷങ്ങള്‍ കൈയിലുണ്ടെങ്കിലും ലളിതജീവിതമാണ് പാപ്പച്ചൻ നയിച്ചിരുന്നത്. മിക്കപ്പോഴും നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാൻ ആശ്രാമം കൈരളി നഗറിലെ വീട്ടില്‍നിന്ന് ഓലയിലെ ധനകാര്യസ്ഥാപനത്തില്‍ എത്തിയിരുന്നു. അപ്പോഴെല്ലാം ഉയർന്ന പലിശ വാഗ്ദാനംചെയ്ത് കൂടുതല്‍ പണം സ്ഥാപനത്തില്‍ നിക്ഷേപിക്കാൻ സരിത അദ്ദേഹത്തെ നിർബന്ധിച്ചിരുന്നു. അദ്ദേഹത്തില്‍നിന്ന് ചെക്കുകളും വാങ്ങി. ഈ ചെക്ക് ഉപയോഗിച്ച് ധനകാര്യസ്ഥാപനത്തില്‍ ഇട്ടിരുന്ന 36 ലക്ഷം രൂപയില്‍നിന്ന് ആറുലക്ഷം രൂപ സരിത വായ്പയായി എടുത്തു. പിന്നീട് അഞ്ചുലക്ഷവും പിൻവലിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഉണ്ടായിരുന്ന 14 ലക്ഷം രൂപയും പിൻവലിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കില്‍ ഉണ്ടായിരുന്ന 26 ലക്ഷവും കൈക്കലാക്കി. പാപ്പച്ചന്റെ അക്കൗണ്ടുകളില്‍നിന്ന് പിൻവലിക്കപ്പെട്ട തുകകള്‍ 70 ലക്ഷത്തോളം വരുമെന്നാണ് പോലീസിന്റെ കണക്ക്.
പണം നഷ്ടപ്പെട്ടതായുള്ള പാപ്പച്ചന്റെ പരാതിയെത്തുടർന്ന് സരിത ജോലി ചെയ്തിരുന്ന ധനകാര്യസ്ഥാപനത്തിന്റെ അധികൃതർ കണക്കുകള്‍ പരിശോധിച്ചു. മറ്റ് ഏഴുപേരുടെ അക്കൗണ്ടുകളില്‍നിന്നും പണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. വയോധികരുടെ പണമാണ് കൂടുതലും പിൻവലിക്കപ്പെട്ടത്. ഈ വിവരം സ്ഥാപന അധികൃതർ പുറത്തുവിട്ടിരുന്നില്ല. ചെറിയ തുകകളായിരുന്നതിനാല്‍ നിക്ഷേപകർക്കെല്ലാം ധനകാര്യസ്ഥാപനം പണം മടക്കിനല്‍കി. ഈ തുകകളെല്ലാം തിരിച്ചടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സരിതയെ അറിയിക്കുകയും ചെയ്തു. പാപ്പച്ചന്റേതടക്കമുള്ള പണം തിരികെ നല്‍കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് സരിത കൊലപാതകം ആസൂത്രണം ചെയ്തത്.
പാപ്പച്ചന്റെ ഭാര്യ വർഷങ്ങളായി ജോലിചെയ്തിരുന്നത് ഗവ. ബോയ്സ് ഹൈസ്കൂളിലായിരുന്നു. ഇതിനടുത്തുള്ള ധനകാര്യസ്ഥാപനമെന്ന നിലയിലാണ് അഞ്ചാലുംമൂട് റോഡിലുള്ള സ്ഥാപനത്തില്‍ നിക്ഷേപത്തിനു തയ്യാറായത്. മാനേജർ സരിതയും അനൂപും ഉള്‍പ്പെടെ മൂന്നുപേർ മാത്രമേ ഇവിടെ ജീവനക്കാരായുള്ളൂ. ഇവരോടൊക്കെ പാപ്പച്ചന് നല്ല അടുപ്പമായിരുന്നു. മക്കള്‍ വിദേശത്താണെന്നും ഭാര്യ ഒപ്പമില്ലെന്നും ജീവനക്കാരോടു പറയുകയും വിഷമങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവിടങ്ങളിലെല്ലാം സ്ഥിരനിക്ഷേപവും ഉണ്ടായിരുന്നു. മറ്റു ബാങ്കുകളിലെ നിക്ഷേപം കഴിയുന്നത്ര തങ്ങളുടെ സ്ഥാപനത്തിലേക്ക് കൊണ്ടുവരാൻ പ്രതികള്‍ നിർബന്ധിച്ചിരുന്നു. നിക്ഷേപത്തിനുമേല്‍ പല വായ്പകളെടുക്കാനും പ്രതികള്‍ ശ്രമിച്ചു. പണം വിട്ടുകളിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല പാപ്പച്ചൻ. മറ്റു നിക്ഷേപങ്ങള്‍ കൊണ്ടുവന്നാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഇൻസെന്റീവ് (പ്രോത്സാഹനത്തുക) നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് കെണിയില്‍ വീഴ്ത്തിയത്.