കോണ്‍ഗ്രസ് രാജ്യസഭാ എം.പി ധീരജ് സാഹുവിന്റെ വസതികളില്‍ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 351 കോടി രൂപ .
ഡിസംബര്‍ 6 ന് ആരംഭിച്ച ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകള്‍ അവസാനിച്ചു. റെയ്ഡില്‍ കണ്ടെടുത്ത പണത്തിന്റെ കണക്കെടുപ്പ് ഞായറാഴ്ചയോടെ പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ധീരജ് സാഹുവിന്റെ ഒഡിഷയിലും ജാര്‍ഖണ്ഡിലുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത പണത്തിന്റെ മൂല്യം 351 കോടി രൂപയിലെത്തി.
ഇതുവരെ 176 ബാഗുകളില്‍ 140 ബാഗുകള്‍ എണ്ണിക്കഴിഞ്ഞു. അടുത്തിടെ ഏജൻസി നടത്തിയ ഏറ്റവും വലിയ റെയ്ഡായിരുന്നു ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ 30-ലധികം ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും പണം എണ്ണുന്നതില്‍ ഏര്‍പ്പെട്ടിരുന്നു. നോട്ടുകള്‍ എണ്ണുന്ന പ്രക്രിയ വേഗത്തിലാക്കാൻ ഐ.ടി വകുപ്പ് 40 ഓളം വലുതും ചെറുതുമായ യന്ത്രങ്ങള്‍ വിന്യസിക്കുകയും കൂടുതല്‍ വകുപ്പുകളെയും ബാങ്ക് ജീവനക്കാരെയും ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഒഡിഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ പണവും കണ്ടെടുത്തത്. ധീരജ് സാഹുവിന്റെ കുടുംബം മദ്യനിര്‍മ്മാണ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും ഒഡിഷയില്‍ അത്തരം നിരവധി ഫാക്ടറികളുടെ ഉടമസ്ഥതയുള്ളതായും അന്വേഷണത്തില്‍ വ്യക്തമായി.