തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. നാമനിര്‍ദേശ പത്രികക്ക് ഒപ്പം സമര്‍പ്പിച്ച രേഖകളിലെ ആസ്തി വിവരത്തില്‍ അപാകത ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
മഹിളാ കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകയുമായ അവനി ബന്‍സാലാണ് പരാതിയുമായി രംഗത്തെത്തിയത്. നാമനിര്‍ദേശ പത്രിക തള്ളണമെന്നും ജില്ലാ കളക്ടര്‍ ജറോമിക്ക് ജോര്‍ജിന് നല്‍കിയ പരാതിയില്‍ അവാനി ബന്‍സാല്‍ ആവശ്യപ്പെട്ടു.
2021-2022 വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ സമർപ്പിച്ചത് 680 രൂപ മാത്രമാണെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 28 കോടി രൂപയുടെ ആസ്തി മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള തന്റെ പ്രധാന കമ്ബനികളുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അവനി ബന്‍സാലും കോണ്‍ഗ്രസും ആരോപിക്കുന്നത്.
ബംഗളൂരുവിലെ വസതിയുടെ ഉടമസ്ഥാവകാശവും രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. വസ്തു നികുതി അടച്ചതിന്റെ രേഖകളും അഭിഭാഷക പുറത്തുവിട്ടു. തെറ്റായ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നാണ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ അഭിഭാഷകയുടെ ആവശ്യം. അതേസമയം നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനക്ക് ശേഷം അംഗീകരിച്ചു.