പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കാണാനെത്തിയ മത്സ്യത്തൊഴിലാളി സംഘത്തെ പാർലമെന്റിലേക്ക് കയറ്റാതെ തടഞ്ഞെന്ന് കോണ്‍ഗ്രസ്.
എം.പി.മാർക്കൊപ്പം പാർലമെന്റിന്റെ റിസപ്ഷൻ ഹാളിലെത്തി രാഹുല്‍ സംഘത്തെക്കണ്ടു. ‘റൈറ്റ് ടു ഫുഡ് കാമ്ബയിൻ’ പ്രതിനിധി സംഘത്തെയും കണ്ടു.
പ്രതിപക്ഷ നേതാവിനെ കാണാനെത്തിയ ഇരുകൂട്ടർക്കും അകത്തേക്ക് പോകാനുള്ള പാസ് അനുവദിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കർഷക നേതാക്കളെ വിടാതിരുന്ന വിഷയം സ്പീക്കറോട് ഉന്നയിച്ചിട്ടും വീണ്ടും സന്ദർശകരെ തടയുന്ന സാഹചര്യമുണ്ടായെന്ന് രാഹുല്‍ പറഞ്ഞു.
ഇത്തരം പ്രതിനിധിസംഘങ്ങളുമായുള്ള കൂടിക്കാഴ്ച തുടരുമെന്നും രാഹുല്‍ പറഞ്ഞു. ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ചെയർമാൻ ടി.എൻ. പ്രതാപന്റെ നേതൃത്വത്തിലായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 14 അംഗ പ്രതിനിധിസംഘം രാഹുലിനെ കാണാൻ പാർലമെന്റിലെത്തിയത്.