മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി സഖ്യം ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയേക്കും.
ശിവസേന ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുമേല്‍ സമ്മർദം ചെലുത്തുന്നുണ്ട്. ഉദ്ധവ് നേരിട്ട് ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാക്കളെക്കണ്ടത് ഇക്കാര്യത്തിനുവേണ്ടിയായിരുന്നുവെന്ന് അറിയുന്നു. ഉദ്ധവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നതിനു പകരമായി കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ മത്സരിക്കാൻ നല്‍കിയേക്കും.
മൂന്നുദിവസത്തെ ഡല്‍ഹി സന്ദർശനത്തിനെത്തിയ ഉദ്ധവ് താക്കറെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തന്റെ സർക്കാരിനെ അട്ടിമറിച്ച് മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്ദേയെ അവരോധിച്ച ബി.ജെ.പി.യെ നേരിടാൻ ഉദ്ധവ് കടന്നുവരുന്നതോടെ അദ്ദേഹത്തിന് അനുകൂലമായി വോട്ടർമാരുടെ ഇടയില്‍ സഹതാപം രൂപപ്പെടുമെന്ന് ശിവസേന പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നവിസോ, താനോ രണ്ടുപേരില്‍ ഒരാള്‍ മാത്രമേ രാഷ്ട്രീയത്തില്‍ കാണുകയുള്ളൂവെന്ന് ഉദ്ധവ് അടുത്തയിടെ പറഞ്ഞിരുന്നു.
ഉദ്ധവിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നതിനോട് എൻ.സി.പി. നേതാവ് ശരദ്പവാറിനും താത്പര്യമുണ്ട്. ഉദ്ധവ് മുഖ്യമന്ത്രിസ്ഥാനാർഥിയാവുന്നതോടെ ബി.ജെ.പി.ക്കും മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന കാര്യം പ്രഖ്യാപിക്കേണ്ടിവരുമെന്നും അത് അവരെ ആശയക്കുഴപ്പത്തിലാക്കുമെന്നും പ്രതിപക്ഷസഖ്യം വിലയിരുത്തുന്നു. മഹാവികാസ് അഘാഡിയുടെ ആദ്യതിരഞ്ഞെടുപ്പ് റാലി 16-ന് മുംബൈയില്‍ നടക്കും. ഷണ്‍മുഖാന്ദ ഹാളില്‍ നടക്കുന്ന റാലിയില്‍ മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും.