ബാബുരാജ് കെ
ഒരിക്കൽ പാർട്ടി വിട്ടു പോയതിന്റെ ക്ഷീണം ഇപ്പോഴും തീരാത്ത ആളാണ് കെ മുരളീധരൻ. കെ പി സി സി പ്രസിഡന്റ് പദവി ഉപേക്ഷിച്ചു ആന്റണി മന്ത്രിസഭയിൽ ഒരു മാസം ഇരുന്നു വടക്കഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ തോറ്റതോടെ കോൺഗ്രസ് വിട്ടു ആദ്യം ഡി ഐ സിയും പിന്നീട് എൻ സി പിയും ആയ മുരളി ഏറെ സാഹസപ്പെട്ടാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. കെ കരുണാകരനെ തിരിച്ചെടുത്തിട്ടും മുരളിയെ എടുത്തില്ല. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി മുതിർന്ന നേതാക്കൾ സമ്മർദം ചെലുത്തിയ ശേഷമാണ് വൈകി കോൺഗ്രസിൽ എടുത്തത്. അന്നത്തെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സൗമനസ്യം അതിനു വേണ്ടി വന്നു. ഒട്ടും താമസിയാതെ അദ്ദേഹത്തെ വട്ടിയൂർക്കാവിൽ മത്സരിപ്പിച്ചു എം എൽ എ ആക്കി. എന്നാൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മുരളിക്കു മന്ത്രിയാകാൻ കഴിഞ്ഞില്ല. എൻ എസ് എസിന്റെ ഉടക്കായിരുന്നു കാരണം. വി എസ് ശിവകുമാർ, എ പി അനിൽകുമാർ തുടങ്ങിയവർ മന്ത്രിമാരായി നിയമസഭയിൽ ട്രഷറി ബെഞ്ചിൽ ഇരുന്നപ്പോൾ മുരളി പിൻസീറ്റിൽ ആയിരുന്നു. ഇതിൽ അദ്ദേഹത്തിന് മാനസിക വിഷമം ഉണ്ടായിരുന്നു. സ്വകാര്യ സംഭാഷണത്തിൽ ഇക്കാര്യം അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. കോഴിക്കോട് പാർലമെന്റ് അംഗമായി മുരളി മത്സരിക്കാൻ വന്നതു മുതൽ വ്യക്തിബന്ധം ഉണ്ടായിരുന്നു. സത്യസന്ധമായി കാര്യങ്ങൾ പറയുന്ന അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് മുരളി. രാഷ്ട്രീയ ജീവിതത്തിലെ ആരോഹണ അവരോഹണങ്ങളെ സ്പോർട്സ് മാൻ സ്പിരിറ്റോടെ കാണുന്ന ആളാണ്.
രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിൽ പറ്റിപ്പോയ പിഴവുകൾക്ക് വലിയ വിലയാണ് മുരളീധരന് കൊടുക്കേണ്ടി വന്നത്. അതു ഇപ്പോഴും അദ്ദേഹത്തെ വിട്ടു പോയിട്ടില്ല. കെ പി സി സി പ്രസിഡന്റ് പദവിയിൽ തുടർന്ന് പാർട്ടി വിടാതിരിക്കുകയായിരുന്നെങ്കിൽ എ കെ ആന്റണിക്ക് ശേഷം മുഖ്യമന്ത്രി പദത്തിൽ വരെ എത്തേണ്ട ആളായിരുന്നു മുരളി. പാർട്ടി വിട്ടു ഡി ഐ സി രൂപീകരിച്ചപ്പോൾ കൂടെക്കൊണ്ടു പോയവരിൽ ഭൂരിഭാഗത്തെയും ഇടതുപക്ഷത്തിനു സമ്മാനിച്ചാണ് കരുണാകരനും മുരളിയും കോൺഗ്രസിൽ മടങ്ങിയെത്തിയത്. അന്നത്തെ പിളർപ്പിന്റെ ആഘാതം കോൺഗ്രസിനെ വിട്ടു പോയിട്ടില്ല.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മുരളിക്കു സിപിഎമ്മിലേക്ക് മാന്യമായ ക്ഷണം ലഭിച്ചിരുന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ അദ്ദേഹത്തെ നേരിൽ കണ്ടു സംസാരിച്ചു. നിയമസഭയിലേക്ക് ഉറച്ച സീറ്റ്, ഭരണം ലഭിച്ചാൽ മികച്ച വകുപ്പുകളോടെ മന്ത്രിപദം എന്നീ ഓഫറുകൾ വെച്ചു. എന്നാൽ മുരളി അതു നിരസിച്ചു. ഇതെക്കുറിച്ച് അറിഞ്ഞപ്പോൾ ശരിയാണോ എന്നു അദ്ദേഹത്തോട് നേരിൽ ചോദിച്ചു. മുരളി അതു സ്ഥിരീകരിച്ചു. ഒരനുഭവം കൊണ്ടു പഠിച്ചു. ഇനിയില്ല എന്നായിരുന്നു മറുപടി. ഇടതു പക്ഷത്തേക്ക് പോയാൽ പരമാവധി ഒരു കെ ടി ജലീൽ ആകാം എന്നു തമാശരൂപേണ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തു മത്സരിച്ചു ബിജെപി യുടെ അക്കൗണ്ട് ക്ലോസ് ചെയ്യിപ്പിച്ചതിന്റെ പേരിൽ സംഘ പരിവാറിന്റെ കണ്ണിലെ കരടാണ് മുരളി. അന്നത്തെ മത്സരം തൃശൂർ മത്സരിച്ച പത്മജ വേണുഗോപാലിനെയും ബാധിച്ചു. ലീഡറുടെ മകൾക്കെതിരെ മത്സരിക്കാൻ പ്രയാസമുണ്ടെന്നു പറഞ്ഞു സുരേഷ് ഗോപി തൃശ്ശൂർ സീറ്റിൽ വൈമനസ്യം അറിയിച്ചിരുന്നു. എന്നാൽ മുരളി നേമത്ത് ചാടി വീണതോടെ സുരേഷ് ഗോപി പാർട്ടിയുടെ നിർദേശം മാനിക്കാൻ നിർബന്ധിതനായി. സുരേഷ് ഗോപി അവിടെ മത്സരിച്ചതാണ് ചെറിയ വോട്ടിനു പത്മജ പരാജയപ്പെടാൻ കാരണമായത്.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചാലും മുരളിയെ ബിജെപി – ആർ എസ് എസ് സംഘം ക്രോസ്സ് വോട്ട് ചെയ്തു തോൽപ്പിക്കുമായിരുന്നു. തൃശൂർ മുരളിക്ക് ഒട്ടും സുരക്ഷിതമായ സ്ഥലമല്ല. കരുണാകരനെയും മുരളിയേയും തൃശൂർക്കാർ പാർലമെന്റിൽ തോൽപ്പിച്ചിട്ടുണ്ട്. തൃശൂർ നിയമസഭാ സീറ്റിൽ പത്മജയെയും വടക്കാഞ്ചേരിയിൽ മുരളിയേയും തോൽപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു കൊല്ലം സുരേഷ് ഗോപി അവിടെ സജീവമായിരുന്നു. കോൺഗ്രസുകാർ പാലം വലിച്ചിട്ടൊന്നുമല്ല മുരളി തൃശൂരിൽ തോറ്റത്. കോൺഗ്രസിന് സ്ഥിരമായി കിട്ടിയ ക്രിസ്ത്യൻ വോട്ടുകൾ താമരയിലേക്ക് ഒഴുകിയതായിരുന്നു പ്രധാന കാരണം. മുൻ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിൽ 80000 കോൺഗ്രസിനു കുറഞ്ഞു എന്നൊക്കെ പറയുന്നതിലും കാര്യമില്ല. ഫിക്സഡ് ഡെപ്പോസിറ്റ് പോലെ അങ്ങിനെ ഉറച്ച വോട്ടുകൾ ഇന്നു ഏതെങ്കിലും പാർട്ടിക്ക് ഉണ്ടോ? സിപിഎമ്മിന് പോലുമില്ല എന്നതിന് തെളിവാണ് കഴിഞ്ഞ ലോക്സഭാ ഫലം.