ആര്‍സിസിയില്‍ ആദ്യ റോബോട്ടിക് സര്‍ജറി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം റീജിയണല്‍ കാൻസര്‍ സെന്ററില്‍ സ്ഥാപിച്ച റോബോട്ടിക് സര്‍ജറി യൂനിറ്റ് കാൻസര്‍ ചികിത്സാ രംഗത്തു കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സുപ്രധാന ചുവടുവയ്പ്പാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ആര്‍.സി.സിയിലെ റോബോട്ടിക് സര്‍ജറി യൂനിറ്റിന്റെയും ഹിപെക് ചികിത്സാ സംവിധാനം, പേഷ്യൻ വെല്‍ഫെയര്‍ ആൻഡ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിങ് സംവിധാനം എന്നിവയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മലബാര്‍ കാൻസര്‍ സെന്ററിലും വൈകാതെ ഈ സംവിധാനം യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി പ്രവര്‍ത്തനം തുടങ്ങുന്ന റോബോട്ടിക് സര്‍ജറി യൂനിറ്റ് ആര്‍.സി.സിയുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തു ചുരുക്കം ചില സ്ഥലങ്ങളിലും വിദേശത്തും മാത്രമാണു നിലവില്‍ റോബോട്ടിക് സര്‍ജറി സംവിധാനമുള്ളത്. ഇതു തിരുവനന്തപുരം ആര്‍സിസിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതു സംസ്ഥാനത്തിനാകെ അഭിമാനകരമാണ്. 30 കോടി രൂപ ചെലവിലാണു പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സര്‍ജറി യൂനിറ്റ് സ്ഥാപിച്ചത്.

സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സര്‍ജറി. രോഗിയുടെ വേദന കുറക്കുക, ശസ്ത്രക്രിയക്കിടയിലെ രക്തസ്രാവം കുറക്കുക, ശസ്ത്രക്രിയക്കു ശേഷമുള്ള റിക്കവറി ടൈം കുറക്കുക തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകള്‍. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് ആര്‍സിസിയിലും മലബാര്‍ കാൻസര്‍ സെന്ററിലും റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനവും ഡിജിറ്റല്‍ പാത്തോളജി മികവിന്റെ കേന്ദ്രങ്ങളും സജ്ജമാക്കുന്നതെന്നും റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിലൂടെയാണ് ഇതിനുള്ള തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശസ്ത്രക്രിയ വേളയില്‍ത്തന്നെ ക്യാൻസര്‍ബാധിത ശരീരഭാഗത്ത് കീമോ തെറപ്പി നല്‍കാൻ കഴിയുന്നതാണു ഹൈപ്പര്‍ തെര്‍മിക് ഇൻട്രാപെരിറ്റോണിയല്‍ കീമോതെറപ്പി അഥവാ ഹിപെക്. 1.32 കോടി ചെലവിലാണ് ഈ നൂതന ചികിത്സാ സംവിധാനം ആര്‍.സി.സിയില്‍ ഒരുക്കിയിട്ടുള്ളത്. ക്യാൻസര്‍ ശസ്ത്രക്രിയാ രംഗത്ത് ഏറ്റവും നൂതന മാര്‍ഗങ്ങളിലൊന്നാണ് ഇത്. രോഗികള്‍ക്കു ലഭ്യമാക്കുന്ന സേവനങ്ങളില്‍ ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്താൻ ആര്‍സിസി തയാറാകുന്നുണ്ടെന്നതിന്റെ തെളിവാണ് പുതുതായി ആരംഭിച്ച പേഷ്യന്റ് വെല്‍ഫെയര്‍ ആൻഡ് സര്‍വീസ് ബ്ലോക്ക്.

പ്രതിവര്‍ഷം 17,000ല്‍പ്പരം പുതിയ രോഗികളും രണ്ടു ലക്ഷത്തില്‍പ്പരം പഴയ രോഗികളും ആര്‍.സി.സിയില്‍ ചികിത്സയ്ക്കെത്തുന്നുണ്ട്. പുതിയ പേഷ്യൻ വെല്‍ഫെയര്‍ ബ്ലോക്ക് പ്രവര്‍ത്തനം തുടങ്ങുന്നതു രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും കാത്തിരുപ്പുവേള സുഖപ്രദമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1.65 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ സൗകര്യം ഒരുക്കുന്നതിന് ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷൻ സി.എസ്.ആര്‍ ഫണ്ടില്‍നിന്ന് 65 ലക്ഷം രൂപ നല്‍കിയിരുന്നു. ഒരു കോടിയോളം രൂപ ചെലവില്‍ നവീകരിച്ച ക്ലിനിക്കല്‍ ലബറോട്ടറി ട്രാക്കിങ് സംവിധാനവും മുഖ്യമന്ത്രി ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കല്‍ ലബോറട്ടറി പരിശോധനകള്‍ നിര്‍വഹിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഓട്ടൊമേറ്റഡ് സംവിധാനമാണിത്.

ആര്‍.സി.സിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ, കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍, ആര്‍.സി.സി. ഡയറക്ടര്‍ ഡോ. രേഖ എ. നായര്‍, അഡിഷണല്‍ ഡയറക്ടര്‍ ഡോ. എ. സജീദ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *