മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ കമ്ബനിക്കെതിരെയുള്ള മാസപ്പടി ആരോപണം സംബന്ധിച്ച അന്വേഷണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം.
നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
കേന്ദ്ര കമ്ബനികാര്യ മന്ത്രാലയം വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. കമ്ബനികാര്യ മന്ത്രാലയത്തിന്റ സമിതിയാണ് അന്വേഷണം നടത്തുന്നതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേന്ദ്ര കമ്ബനികാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ) അന്വേഷണത്തിന് തടസമില്ലെന്ന് ഹരജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് കോടതിയെ അറിയിച്ചു. എസ്‌എഫ്‌ഐഒ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഷോണ്‍ കോടതിയെ സമീപിച്ചത്. ഹരജി 24ന് പരിഗണിക്കാൻ മാറ്റി.
വീണയുടെ കമ്ബനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട സാമ്ബത്തിക പരാതികളില്‍ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് കേന്ദ്ര കമ്ബനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട് നല്‍കണം.
കര്‍ണാടക ഡെപ്യൂട്ടി രജിസ്‌ട്രാര്‍ ഓഫ് കമ്ബനീസ് വരുണ്‍ ബിഎസ്, പോണ്ടിച്ചേരി ആര്‍ഒസി എ ഗോകുല്‍നാഥ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്‌ടര്‍ കെഎം ശങ്കര നാരായണൻ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്ബനിയില്‍ നിന്ന് വീണയ്‌ക്ക് മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്. വീണാ വിജയന്റെ എക്‌സാലോജിക് കമ്ബനിയും ആലുവയിലെ സിഎംആര്‍എല്‍ കമ്ബനിയും തമ്മിലുള്ള സാമ്ബത്തിക ഇടപാടില്‍ വലിയ തട്ടിപ്പ് നടന്നുവെന്നും നല്‍കിയ പണം മാസപ്പടിയാണെന്നുമാണ് ഉയര്‍ന്നുവന്ന വിവാദം.