കാനഡയിലെ പുതിയ കുടിയേറ്റക്കാര്‍ വളരെ വേഗം രാജ്യം വിടുന്നതായി പുതിയ പഠനം. സമീപ വര്‍ഷങ്ങളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗവേഷണ റിപ്പോര്‍ട്ട്.
കാനഡയിലേക്ക് കുടിയേറുന്നവര്‍ വിവിധ ലക്ഷ്യങ്ങളുമായി എത്തുന്നവരാണ്. മികച്ച ജോലി, ഉയര്‍ന്ന വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയൊക്കെയാണ് പ്രധാന ആകര്‍ഷണം.
എന്നാല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയൻ സിറ്റിസണ്‍ഷിപ്പും കോണ്‍ഫറൻസ് ബോര്‍ഡ് ഓഫ് കാനഡയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ചൊവ്വാഴ്‌ചയാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. രാജ്യം വിടുന്ന കുടിയേറ്റക്കാരുടെ നിരക്ക് 1980 മുതല്‍ ക്രമാനുഗതമായി വര്‍ധിച്ചുവരുന്നതായി പഠനത്തില്‍ പറയുന്നു. പുതിയതായി വരുന്നവര്‍ക്ക് കാനഡയുടെ യഥാര്‍ത്ഥ പ്രയോജനങ്ങള്‍ ലഭിക്കാത്തതാകാം കുടിയേറ്റക്കാര്‍ രാജ്യം വിടുന്നതിന്റെ കാരണമായി പഠനത്തില്‍ പറയുന്നത്.
കുടിയേറ്റക്കാര്‍ കാനഡയിലെയ്‌ക്കെത്തുമ്ബോള്‍ അവര്‍ പ്രതീക്ഷിച്ചതുപോലെ നില്‍ക്കാൻ രാജ്യത്ത് സാധിക്കാത്തതാണ് പ്രധാന കാരണം. താങ്ങാനാകാത്ത വാടക, വീട്ടുചിലവ്, ആരോഗ്യ പരിരക്ഷാ സംവിധാനം, തൊഴിലില്ലായ്മ തുടങ്ങിയവയാണ് കുടിയേറ്റക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്ന് പഠനം പറയുന്നു. പുതിയ ആളുകളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ കാനഡ പരാജയപ്പെടുന്നതിന്റെ അപകടസാധ്യതകളും പഠനത്തില്‍ അടിവരയിടുന്നു. ജനസംഖ്യാ വര്‍ധനവില്‍ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കില്‍ പോലും രാജ്യത്തെ കുടിയേറ്റക്കാര്‍ക്കിടയിലെ നിരാശ വളര്‍ച്ച മന്ദഗതിയിലാക്കുമെന്ന് പഠനത്തില്‍ പറയുന്നു.
“കുടിയേറ്റക്കാര്‍ രാജ്യത്തു നിന്ന് മടങ്ങുന്നത് കാനഡയുടെ വളര്‍ച്ചയ്ക്ക് പ്രധാന ഭീഷണിയാണ്. നമ്മള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്, പ്രശ്ന പരിഹാരം നടത്തിയില്ലെങ്കില്‍ ആളുകള്‍ മടങ്ങി പോകും. അവര്‍ പോയാല്‍ നമ്മള്‍ കുഴപ്പത്തിലാകും”.ഇമിഗ്രേഷൻ അനുകൂല അഭിഭാഷക ഗ്രൂപ്പായ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയൻ സിറ്റിസണ്‍ഷിപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡാനിയല്‍ ബെര്‍ണാര്‍ഡ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പ്രായമായ ജനസംഖ്യ കൂടുതലായതു കൊണ്ട് തന്നെ രാജ്യത്തെ സാമ്ബത്തിക തകര്‍ച്ച തടയാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഗവണ്‍മെന്റ് ഇമിഗ്രേഷൻ ഉപയോഗിച്ച് കൂടുതല്‍ തൊഴിലാളികളെ ദ്രുതഗതിയില്‍ രാജ്യത്തേയ്ക്ക് ചേര്‍ക്കുകയാണ്. എന്നാല്‍ സമീപ വര്‍ഷങ്ങളിലെ കുടിയേറ്റ വര്‍ധനവ് രാജ്യത്തെ റെക്കോര്‍ഡ് ജനസംഖ്യാ വളര്‍ച്ചയ്ക്കും ഭവനക്ഷാമം രൂക്ഷമാകുന്നതിനും അടിസ്ഥാന സൗകര്യങ്ങളിലും ആരോഗ്യ സംവിധാനങ്ങളിലും സമ്മര്‍ദ്ദം ചെലുത്തുന്നതായും വിമര്‍ശനം ഉയരുന്നുണ്ട്.
2017-ലും 2019-ലും കാനഡ വിടുന്ന കുടിയേറ്റക്കാരുടെ വാര്‍ഷിക നിരക്ക് യഥാക്രമം 1.1%, 1.18% എന്നിങ്ങനെയാണ്. ഇത് 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാനഡയില്‍ തുടരാനുള്ള താല്പര്യമില്ലായ്‌മ മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തിലേക്ക് നയിച്ചതായും, കനേഡിയൻ സിറ്റിസൻഷിപ്പ് തിരഞ്ഞെടുക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതായും ബെര്‍ണാര്‍ഡ് അഭിപ്രായപ്പെട്ടു. 2001-നും 2021-നും ഇടയില്‍ 10 വര്‍ഷത്തിനുള്ളില്‍ പൗരത്വം സ്വീകരിച്ച പിആര്‍ ഹോള്‍ഡര്‍മാരുടെ അനുപാതം 40 ശതമാനമായി കുറയുകയും ചെയ്തു.