ബംഗളുരു : ഇൻഫോസിസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജീവ് രഞ്ജൻ രാജി വെച്ചു . അമേരിക്കൻ കമ്പനിയായ നെസ് ഡിജിറ്റൽ എൻജിനീയറിങ്ങിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറായി അദ്ദേഹം ചുമതലയേറ്റു. 24 കൊല്ലത്തെ ഇൻഫോസിസ് ബന്ധം ഉപേക്ഷിച്ചാണ് രാജീവ് രഞ്ജൻ യു എസ് കമ്പനിയിലേക്ക് മാറിയത്. 1999 മുതൽ അദ്ദേഹം ഇൻഫോസിസിൽ ഉണ്ടായിരുന്നു.
രാജ്യത്തെ ഐ ടി കമ്പനികളിൽ രണ്ടാമത്തേതായ ഇന്ഫോസിസിനു കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളിൽ നഷ്ടപ്പെടുന്ന ഒൻപതാമത്തെ സീനിയർ മാനേജ്‌മെന്റ് പദവിയിലുള്ള ആളാണ് രഞ്ജൻ. 23 കൊല്ലം സേവനം അനുഷ്ടിച്ച മറ്റൊരു എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിച്ചാർഡ് ലോബോ മൂന്നു മാസം മുൻപാണ് രാജി വെച്ചത്. ഈ വർഷം ആദ്യം മോഹിത് ജോഷി, രവികുമാർ എന്നീ സീനിയർ ഉദ്യോഗസ്ഥർ ഇൻഫോസിസ് വിട്ടു യഥാക്രമം ടെക് മഹീന്ദ്രയിലും കോഗ്നിസന്റിലും സി ഇ ഓ മാരായി ചേർന്നിരുന്നു. ഇൻഫോസിസിൽ മാത്രമല്ല ഇത്തരം രാജികൾ സംഭവിക്കുന്നത്. രാജ്യത്തെ ഒന്നാം നിര കമ്പനിയായ ടി സി എസിന്റെ സിഇഒ രാജേഷ് ഗോപിനാഥൻ കഴിഞ്ഞ മാർച്ചിൽ കമ്പനി വിടുകയുണ്ടായി. 22 കൊല്ലം അദ്ദേഹം ടി സി എസിൽ ഉണ്ടായിരുന്നു. വിപ്രോ യുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജതിൻ ദലാൽ ഈയിടെ സ്ഥാപനത്തിൽ നിന്ന് രാജി വെച്ച് കോഗ്നിസന്റിൽ ചേർന്നിരുന്നു.