കെജ്‌രിവാൾ ഹാജരായില്ല; ഇ ഡി വീണ്ടും സമൻസ് നൽകും

ന്യൂഡൽഹി : ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഇ ഡി യുടെ ചോദ്യം ചെയ്യലിന് ഇന്ന് [വ്യാഴം ] ഹാജരാകാത്ത സാഹചര്യത്തിൽ  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമൻസ് അയക്കും. മുൻകൂട്ടി തീരുമാനിച്ച തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിക്ക് മധ്യപ്രദേശിൽ പോകാനുണ്ടെന്നാണ് കെജ്‌രിവാൾ ഇ ഡിയെ അറിയിച്ചത്. സമൻസ് രാഷ്ട്രീയ പ്രേരിതമാണെന്നും പിൻവലിക്കണമെന്നും കെജ്‌രിവാൾ രേഖാമൂലം ഇ ഡി യോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച കാലത്തു 11 നു ഓഫിസിൽ ഹാജരാകാനാണ് ഇ ഡി സമൻസ് നൽകിയത്. സമൻസിനെതിരെ കോടതിയെ സമീപിക്കാനാണ് ആപ്പിന്റെ തീരുമാനം. 

 മദ്യനയവുമായി ബന്ധപ്പെട്ടു നൂറു കോടിയുടെ അഴിമതി  നടന്നതിന്റെ വ്യക്തമായ തെളിവുണ്ടെന്നാണ് ഇ ഡി യുടെ നിലപാട്. മൊഴിയെടുത്ത ശേഷം കെജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ ഇ ഡി ക്കു പരിപാടി ഉണ്ടായിരുന്നതായാണ് സൂചനകൾ. ഡൽഹി ഉപമുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയ , സഞ്ജയ് സിങ്, വിജയ് നായർ  എന്നിവർ ഈ കേസിൽ ജയിലിലാണ്. 

കഴിഞ്ഞ ഏപ്രിലിൽ ഈ കേസിൽ കെജ്‌രിവാളിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

 2022 ആഗസ്റ്റിലാണ് ഡൽഹി മദ്യനയ കേസിൽ ഇ ഡിയും സി ബി ഐയും  കേസ് രെജിസ്റ്റർ ചെയ്തത്. അഴിമതിക്കെതിരെ ചൂലുമായി രംഗത്തിറങ്ങിയ ആപ്പിന്റെ പ്രമുഖ നേതാക്കൾ അഴിമതിയിൽ കുടുങ്ങി എന്നതാണ് ഈ  കേസിന്റെ പ്രത്യേകത. ഡൽഹി സംസ്ഥാനത്തെ മദ്യ റീടെയിൽ വിൽപ്പനയിലെ സർക്കാർ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞു സ്വകാര്യ മേഖലക്ക് കടന്നു വരാൻ വഴിയൊരുക്കിയതാണ്  വിവാദമായ 2021 – 22 ലെ മദ്യ നയം. ഇതിൽ അഴിമതി നടന്നതായാണ് സിബിഐയും ഇ ഡിയും കണ്ടെത്തിയത്. സ്വകാര്യ മേഖലയിൽ ലൈസൻസ് ലഭിച്ചവർക്ക് വഴിവിട്ടു ആനുകൂല്യങ്ങൾ നൽകിയതും ലൈസൻസ് ഫീസിൽ ഇളവ് വരുത്തിയതും ലൈസൻസ് നീട്ടി നല്കിയതുമെല്ലാം കൈക്കൂലി വാങ്ങി ആയിരുന്നെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. 9500 കോടിയുടെ അധിക വരുമാനം ലഭിക്കുന്ന പദ്ധതി എന്നാണ് പുതിയ മദ്യനയത്തെ എ എ പി വിശേഷിപ്പിച്ചത്. 2021 മാർച്ചിലാണ്‌ ഡൽഹി മന്ത്രിസഭ പുതുക്കിയ മദ്യനയത്തിന്റെ കരട് അംഗീകരിച്ചത്. ബിജെപിയും കോൺഗ്രസും മദ്യനയത്തെ എതിർക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഗതി വിവാദമായപ്പോൾ കഴിഞ്ഞ ജൂലൈയിൽ മദ്യനയം പിൻവലിച്ചു ആറു മാസത്തേക്ക് പഴയ നയം തന്നെ തുടരാൻ കെജ്‌രിവാൾ സർക്കാർ തീരുമാനിച്ചു. 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളെ ലക്ഷ്യമിട്ടാണ് ഡൽഹി മദ്യനയ കേസ് തയ്യാറാക്കിയതെന്ന് എ എ പി നേതാക്കൾ ആരോപിച്ചു.  

Leave a Reply

Your email address will not be published. Required fields are marked *