സി ജെ റോയിയും കപ്പൽ ജോയിയും

കെ ബാബുരാജ്

തല മറന്നു എണ്ണ തേക്കുക എന്ന ചൊല്ല് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ .സി ജെ റോയിയുടെ കാര്യത്തിൽ അന്വർത്ഥമായി എന്നു വേണം കരുതാൻ. 2020 ഏപ്രിലിൽ ദുബൈയിൽ ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ച കപ്പൽ ജോയിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഈ രണ്ടു മലയാളി ബിസിനസുകാരുടെ വളർച്ചയിലും മരണത്തിലും താരതമ്യങ്ങൾ ഏറെയുണ്ട്. 

റോയിയുടെ മരണ വാർത്ത പുറത്തു വന്നപ്പോൾ അതിന്റെ ഉത്തരവാദിത്തം ആദായനികുതി വകുപ്പിന്റെ മേലാണ് ആദ്യം പതിച്ചത്. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടയിൽ റോയ് വെടിവെച്ചു മരിക്കുകയായിരുന്നു എന്നാണ് വാർത്ത പരന്നത് . ഇ ഡിയെ പേടിച്ചു കിറ്റക്സ് ഉടമ സാബു ജേക്കബ്  ട്വന്റി ട്വന്റി പാർട്ടിയെ എൻ ഡി എയിൽ ഘടകകക്ഷി ആക്കിയതിന്റെ ചൂട് ആറാതിരുന്നതിനാൽ മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും പൊടിപ്പും തൊങ്ങലും വെച്ചെഴുതാൻ കുറേ കഥകൾ കിട്ടി. റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‌ കത്തയക്കുക വരെ ചെയ്തു. 

ആദായനികുതി പരിശോധനയുടെ പേരിലോ ഇ ഡി നോട്ടീസിന്റെ പേരിലോ ഇന്ത്യയിലെ ഒരു വ്യാപാരിയും വ്യവസായിയും രാഷ്ട്രീയ നേതാവും  ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇന്ന്  രാജ്യത്തില്ല. നികുതിവെട്ടിപ്പിന് ഒന്നുകിൽ  ഫൈൻ അടച്ചു രക്ഷപ്പെടാൻ കഴിയും.  ഉദ്യോഗസ്ഥർ കോഴ വാങ്ങുന്നവരാണെങ്കിൽ  നോട്ടീസ് അപ്രത്യക്ഷമാക്കുകയോ  വെട്ടിപ്പുകൾ നിയമവിധേയമാക്കുകയോ ചെയ്തു തരും.  ഗ്രേഡ് കൂടിയ നികുതി വെട്ടിപ്പും കൂടെ ഫെമ ലംഘനവും ഉണ്ടെങ്കിൽ ബിജെപിക്ക് സംഭാവന നൽകുന്നതാണ് എളുപ്പം.  ബിജെപിയിൽ ചേരുകയോ സ്വന്തമായി ഒരു പാർട്ടിയുണ്ടെങ്കിൽ എൻ ഡി എ യിൽ ഘടകകക്ഷി ആകുകയോ ചെയ്യാം. കാര്യങ്ങൾ അത്രമേൽ എളുപ്പമാണ്.. 

ഇതിനൊന്നും നിൽക്കാതെ സി ജെ റോയിയെപ്പോലെ , ജീവിതം ആഘോഷമാക്കി മാറ്റിയ ആൾ മരണത്തിൽ അഭയം തേടിയെങ്കിൽ പിടിച്ചു നിൽക്കാൻ പറ്റാത്ത വിധം പ്രതിസന്ധി അദ്ദേഹത്തിന് നേരിട്ടു എന്നാണ് മനസ്സിലാക്കേണ്ടത്. ടി വി ചാനലുകളിലെ റിയാലിറ്റി ഷോകളുടെ സ്പോൺസർ എന്ന നിലയിൽ കോടിക്കണക്കിനു രൂപ പരസ്യ ഇനത്തിൽ നൽകി കോൺഫിഡന്റ്  എന്ന ബ്രാൻഡിനെ പിടിച്ചു നിർത്തിയെങ്കിലും സാമ്പത്തികമായി ഉൾക്കാമ്പുള്ള  ബിസിനസ്സ് ആയിരുന്നില്ല റോയിയുടേത്. കടം ഇല്ലാത്ത ബിസിനസ്സ് സംരംഭം എന്ന് കോൺഫിഡന്റ് ഗ്രൂപ്പിനെ വാഴ്ത്തുമ്പോൾ അതിനു ബാങ്ക് വായ്പ ഇല്ലെന്നേ അർത്ഥമാക്കേണ്ടതുള്ളൂ. നിരവധി ആളുകളുടെ പണം നിക്ഷേപമായി റോയിയുടെ സ്ഥാപനത്തിൽ എത്തിയിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.  അതിൽ രാഷ്ട്രീയക്കാരുടെ കള്ളപ്പണം, നിയമവിരുദ്ധ മാർഗങ്ങളിൽ നിന്നുള്ള പണം എന്നിവ ഉണ്ടോ എന്നാണ് അന്വേഷണ ഏജൻസികൾക്ക് അറിയേണ്ടത്. പണം വന്ന വഴികളിലൂടെ കൂടുതൽ അന്വേഷണം നടത്തുക ഇ ഡി യാണ്. അത് വിദേശ രാജ്യങ്ങളിലേക്ക് നീളുമ്പോൾ കുരുക്കുകൾ മുറുകും. ഇങ്ങനെ കുരുക്ക് മുറുകാൻ  ഇടയുണ്ടെന്ന തിരിച്ചറിവാകാം സ്വന്തം നെഞ്ചിലേക്ക് വെടിയുതിർത്തു ജീവൻ അവസാനിപ്പിക്കാൻ റോയിയെ നിർബന്ധിതനാക്കിയത് .  

മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് പോലെ അത്ര  വലിയ വ്യവസായ സാമ്രാജ്യമൊന്നുമല്ല സി ജെ റോയിയുടേത്. അദ്ദേഹത്തിന് പതിനായിരം കോടി ആസ്തി ഉണ്ടെന്ന വാർത്തകളും വസ്തുതാപരമല്ല. ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് -ഫ്ലാറ്റ് നിർമാണ മേഖലയിൽ എത്രയോ താഴെയാണ് കോണ്ഫിഡന്റിന്റെ സ്ഥാനം. കേരളത്തിലും ബാംഗ്ലൂരിലെ നഗര പ്രാന്ത പ്രദേശങ്ങളിലും നിരവധി പ്രോജക്ടുകൾ ചെയ്തിട്ടുണ്ടെന്നതൊഴിച്ചാൽ മറ്റു സംസ്ഥാനങ്ങളിൽ കോണ്ഫിഡന്റിനു കാര്യമായ സാന്നിധ്യമില്ല. യു എ ഇ യിലെ അവരുടെ സാന്നിധ്യവും പരിമിതമാണ്.

പന്ത്രണ്ടു റോൾസ് റോയ്‌സ് കാറുകൾ, പുറമെ ലംബോർഗിനി, ബുഗാട്ടി വെയ്‌റോൺ. ..സ്വന്തമായി എയർ ക്രാഫ്റ്റ് . ഇത്രയൊക്കെ വാങ്ങിക്കൂട്ടാൻ മാത്രം ലാഭമുള്ള വ്യവസായമല്ല റിയൽ എസ്റ്റേറ്റ്.  മോദിയുടെ നോട്ട് നിരോധവും കോവിഡ് 19ഉം ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ച മേഖലയാണ്.  വരവറിയാതെ  നടത്തുന്ന ധൂർത്തൻ ജീവിതം ഒരു ഘട്ടം കഴിയുമ്പോൾ ഏതൊരാളെയും തകർച്ചയിലേക്ക് നയിക്കും. 

സി ജെ റോയിയുടെ ബിസിനസ് വളർച്ച  പറയുമ്പോൾ മറച്ചു പിടിക്കുന്ന  ഒന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ അയാൾക്കുണ്ടായിരുന്ന മുൻ പരിചയം. എച് പി യിലെ ജോലി വിട്ടു റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് വന്ന ആളായാണ് റോയിയെ പരിചയപ്പെടുത്തുന്നത്. എന്നാൽ, . ബാംഗ്ലൂരിലെ ക്രിസ്റ്റൽ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ മാർക്കറ്റിങ് തലപ്പത്തുണ്ടായിരുന്ന ആളായിരുന്നു റോയ്. ക്രിസ്റ്റൽ ഗ്രൂപ്പ് ബാംഗ്ലൂരിൽ റെസിഡൻഷ്യൽ ഫ്ലാറ്റ് രംഗത്ത് അറിയപ്പെട്ട സ്ഥാപനമായിരുന്നു. അതിന്റെ ഉടമകളായ കൃഷ്‌ണൻ നമ്പൂതിരിയും ലതാ നമ്പൂതിരിയും റോയിയെ വിശ്വസിച്ചു അയാൾക്ക് സ്ഥാപനത്തിൽ പാർട്ണര്ഷിപ്പ് വരെ  നൽകി. ക്രിസ്റ്റൽ ഗ്രൂപ്പിന്റെ തകർച്ചയിൽ നിന്നാണ് സി ജെ റോയിയുടെ ഉദയം. എങ്ങിനെ തകർന്നു എന്നത് ആർക്കും അന്വേഷിച്ചാൽ കണ്ടെത്താവുന്നതേയുള്ളൂ. 

സി ജെ റോയിക്ക് പ്രിയം  കാറുകളോടായിരുന്നെങ്കിൽ കപ്പൽ ജോയിക്ക് കൊട്ടാരസദൃശമായ വീടുണ്ടാക്കൽ  ആയിരുന്നു..  മാനന്തവാടിയിൽ നാലര ഏക്കർ സ്ഥലത്തു ജോയി നിർമിച്ചത് 45000 ചതുരശ്ര മീറ്റർ വീടാണ്. ഭാര്യയും രണ്ടു ആണ്മക്കളുമേ ജോയിക്കുള്ളൂ. പാവപ്പെട്ട കർഷക കുടുംബത്തിൽ ജനിച്ചു ചെറുപ്പത്തിലേ ദുബായിയിൽ പോയി അധ്വാനിച്ചു ശേഷം ബിസ്സിനസ്സിലേക്കു കടന്നു പേരെടുത്തയാളാണ് ജോയ്. റോയിയെപ്പോലെ  ടിപ്പിക്കൽ പ്രാഞ്ചിയേട്ടന്മാർക്കുള്ള സ്വഭാവ വിശേഷങ്ങൾ ജോയിക്കും ഉണ്ടായിരുന്നു. ദുബൈയിൽ അയാൾ തുടങ്ങിയ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനി റിഫൈനറി, പെട്രോകെമിക്കൽ മേഖലകളിൽ വളരെപെട്ടെന്നു സാന്നിധ്യം അറിയിച്ചു. നിയമവിരുദ്ധമായ ചില കുറുക്കുവഴികൾ ധനസമ്പാദനത്തിനു വേണ്ടി ഉപയോഗിക്കാൻ തുടങ്ങിയതാണ് ജോയിയുടെ പതനത്തിൽ അവസാനിച്ചത്. സുഹൃത്തും മകനുമൊത്തു ദുബൈയിലെ ഒരു ഹോട്ടലിന്റെ മുകളിൽ സംസാരിച്ചു കൊണ്ടിരിക്കെ ഒരു ഫോൺ അറ്റന്റ് ചെയ്ത അടുത്ത നിമിഷത്തിൽ പതിനാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയാണ് ജോയി ചെയ്തത്. 

റോയി ആണെങ്കിലും ജോയി ആണെങ്കിലും അവരുടെ കുടുംബങ്ങളോട് വലിയ കടുംകൈ ചെയ്താണ് ലോകത്തോട് വിട പറഞ്ഞത്. മരിച്ചവർക്കു പിന്നീടുള്ളതൊന്നും  അറിയേണ്ട. അവർ ഉണ്ടാക്കി വെച്ച ബാധ്യതകൾ, അതിലുപരി കേസുകൾ , നിയമനടപടികൾ ,  ഇതെല്ലം കുടുംബത്തിന്റെ തലയിലാണ് പതിക്കുക. ജോയിയുടെ കുടുംബം കഴിഞ്ഞ അഞ്ചു കൊല്ലമായി അതനുഭവിച്ചു കൊണ്ടിരിക്കുന്നു. റോയിയുടെ കുടുംബവും അതുപോലത്തെ ഒരവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. സി ജെ റോയി ജീവിതത്തെ ആഘോഷമാക്കി…മരണത്തിനു പുല്ലുവില നൽകി അയാൾ കടന്നു പോയി.  അയാളുടെ കുടുംബത്തിനോ? അവർക്കതു , ആഘോഷമല്ല,  പേക്കിനാവാണ്‌ . രണ്ടു വാക്കുകൾ കൂടി  പറഞ്ഞു ഇതവസാനിപ്പിക്കുന്നു. കേട്ട് പഴകിയതാണ്. ..മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല. ഒരു റോയിയെയും ജോയിയേയും. .കർമഫലം എന്നത് മനുഷ്യനെ വിടാതെ പിന്തുടരുന്ന ഒന്നാണ്.  

Leave a Reply

Your email address will not be published. Required fields are marked *