കൊച്ചിയില്‍ കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം

കൊച്ചിയില്‍ കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം.എട്ടംഗ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഇന്ന് രാവിലെ റൂമിലേക്ക് നടന്നുപോകവെയാണ് ഇവര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്.

യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രൂരമായ മര്‍ദ്ദനമാണ് തങ്ങള്‍ക്ക് നേരെയുണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

ആശുപത്രിയില്‍ എത്തിയ പൊലീസുകാരനില്‍ നിന്ന് മോശമായ അനുഭവമാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നുണ്ട്. എട്ടോളം വരുന്ന സംഘം ഇവരോട് മോശമായി സംസാരിക്കുകയായിരുന്നു. സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നെന്ന് പരിക്കേറ്റവരുടെ സുഹൃത്ത് പറഞ്ഞു.

‘കമന്റടിച്ചത് ചോദ്യം ചെയ്തതോടെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുടിയില്‍ പിടിച്ച്‌ വലിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഒരു പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ചു.

വസ്ത്രം വലിച്ചു കീറാനും ശ്രമമുണ്ടായി. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെ കൈ പിടിച്ചുതിരിച്ച്‌ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചു. കഴുത്തിലുള്‍പ്പടെ മര്‍ദ്ദനമേറ്റ പാടുകളുണ്ട്’, പെണ്‍കുട്ടികളുടെ സുഹൃത്ത് പറഞ്ഞു.

വെളുപ്പിന് നാലരയ്ക്ക് എന്തിനാണ് പുറത്തേക്ക് ഇറങ്ങിയതെന്നാണ് പൊലീസുകാരന്‍ ചോദിച്ചത്. പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്‌തെന്നും സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ പ്രതികളായ അക്രമി സംഘത്തിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *