പാർട്ടി പറഞ്ഞാല്‍ അമേഠിയിലും മല്‍സരിക്കാൻ തയാറാണെന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും മല്ലികാർജുൻ ഖർഗെയുടെ നേതൃത്വവുമാണ് തീരുമാനമെടുക്കേണ്ടത്.
താൻ കോണ്‍ഗ്രസിന്റെ എളിയ പ്രവർത്തകനായ ശിപായി മാത്രമാണെന്നും രാഹുല്‍ താനെയില്‍ പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാളെ സമാപിക്കും. ജനുവരി 14ന് മണിപ്പുരില്‍നിന്ന് ആരംഭിച്ച യാത്ര നാളെ മുംബൈ ദാദർ ശിവാജി പാർക്കില്‍ നടക്കുന്ന റാലിയോടെയാണു സമാപിക്കുക. ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷിനേതാക്കളെയെല്ലാം സമാപന സമ്മേളനത്തില്‍ ക്ഷണിച്ചിട്ടുണ്ട്. ആർജെഡി നേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ തുടങ്ങിയവർ പങ്കെടുക്കുമെന്നാണു വിവരം.