സംസ്ഥാനത്ത് മൂന്ന് വര്‍ഷം കൊണ്ട് നൂറ് പാലം നിര്‍മിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് മൂന്ന് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചെന്നു പൊതുമരാമത്ത് മന്ത്രി പി.എ.

മുഹമ്മദ് റിയാസ് പറഞ്ഞു. വയറപ്പുഴ പാലത്തിന്റെ നിർമാണോദ്‌ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പശ്ചാത്തല വികസനത്തില്‍ പ്രധാനപ്പെട്ടതാണ് പാലം നിർമാണം. തുടർച്ചയായ നിരീക്ഷണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമായി അഞ്ചു വർഷങ്ങള്‍ കൊണ്ടു 100 പാലം എന്ന ലക്ഷ്യം മൂന്നു വർഷം കൊണ്ട് സാധ്യമായി. പശ്ചാത്തല വികസനത്തിന്റെ ഭാഗമായി ദേശീയ പാതയും സംസ്ഥാന പാതയും ഗ്രാമീണ മേഖലയിലെ പൊതുമരാമത്ത് റോഡുകളും സംസ്ഥാനത്ത് നവീകരിച്ചു.

വയറപ്പുഴ പാലം നിർമാണത്തിലൂടെ നാടിന്റെ ദീർഘകാലമായ കാത്തിരിപ്പിന് വിരമാമാകുകയാണ്. കുളനടയേയും പന്തളത്തെയും ബന്ധിപ്പിക്കുന്ന പാലം
എം സി റോഡിലെ ഗതാഗതം കുറയ്ക്കാനും സഹായിക്കും. 2009 ല്‍ അനുമതി ലഭിച്ചെങ്കിലും ആ കാലയളവില്‍ നിർമാണം നടത്താൻ സാധിക്കാത്തതിനാല്‍ 2021ല്‍ വീണ്ടും പാലത്തിനു അനുമതി നല്‍കി. പാലം നിർമാണം യാഥാർത്ഥ്യമാക്കുന്നതിനു ആരോഗ്യമന്ത്രി വീണാ ജോർജും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വലിയ ഇടപെടല്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.

വർഷങ്ങളായി നാട് ആഗ്രഹിച്ച പദ്ധതിയുടെ സാക്ഷാത്കാരത്തിന്റെ തുടക്കമാണ് വയറപ്പുഴ പാലത്തിന്റെ നിർമാണോദ്‌ഘാടനത്തിലൂടെ സാധ്യമാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ നാടിന്റെ സംസ്കാരത്തിന്റെ ഭാഗമായ പാലത്തിന്റെ നിർമ്മാണത്തില്‍ പല ദുർഘടങ്ങളും നേരിട്ടു. 2021 ല്‍ ഭരണാനുമതി ലഭിച്ച പാലത്തിനായി പല തവണ ടെണ്ടർ നടന്നുവെന്നും റോഡ്, സ്‌കൂള്‍, ആശുപത്രി തുടങ്ങി അടിസ്ഥാന വികസനം മണ്ഡലത്തില്‍ സാധ്യമാക്കനായയെന്നും മന്ത്രി പറഞ്ഞു.

നാടിന്റെ ആവശ്യങ്ങള്‍ മനസിലാക്കി മണ്ഡലത്തില്‍ വികസന പ്രവർത്തനങ്ങള്‍ സാധ്യമാക്കുന്നതായി മുഖ്യ അതിഥിയായ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. രണ്ടു കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാടിന്റെ ആവശ്യമായ പാലമാണ് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള- അടൂർ നിയോജകമണ്ഡലങ്ങളിലെ കുളനടയേയും പന്തളം വില്ലേജിനെയും ബന്ധിപ്പിച്ചു അച്ചൻകോവില്‍ ആറിന് കുറുകെ വയറപ്പുഴപാലം നിർമിക്കുന്നത്. മൂന്ന് റിവർ സ്പാനുകളും രണ്ട് ലാൻഡ് സ്പാനുകളും ഉള്‍പ്പെടെ 104.40 മീറ്റർ നീളവും ഇരുവശത്തും 1.50.മീറ്റർ വീതിയില്‍ ഫുട്പാത്ത് ഉള്‍പ്പെടെ 11 മീറ്റർ വീതിയുമുള്ള പാലത്തിന്റെയും 850 മീറ്റർ സമീപന പാതയുടെയും നിർമാണമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വയറപ്പുഴ കടവിനു സമീപം കുളനട ഞെട്ടൂർ മുട്ടത്ത് ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജൻ, പന്തളം നഗരസഭാ ചെയർപേഴ്‌സണ്‍ സുശീല സന്തോഷ്, കുളനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി ആർ മോഹൻദാസ്, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, മുൻ എംഎല്‍എ കെ.സി രാജഗോപാലൻ, സംഘാടക സമിതി ചെയർമാൻ ബെന്യാമിൻ, കണ്‍വീനർ ഗീതാ ദേവി, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത് കുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *