പരോള്‍ തടവുകാരന്റെ അവകാശം, അത് തങ്ങളെ ബാധിക്കുന്നതല്ല ; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടിസുനിക്ക് പരോള്‍ അനുവദിച്ചതിനെ ന്യായീകരിക്ക് സിപിഎം നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെ നടപടിയെ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.

ഗോവിന്ദനും. പരോള്‍ തടവുകാരന്റെ അവകാശമാണെന്നും അതുമായി സിപിഎമ്മിന് ബന്ധമില്ലെന്നും അത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും പറഞ്ഞു.

കൊടിസുനിക്ക് പരോള്‍ നല്‍കിയത് അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്ത സംഭവത്തെയും ന്യായീകരിച്ചു. പാര്‍ട്ടി നേതാക്കള്‍ പോയതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഗോവിന്ദന്‍ സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും പറഞ്ഞു. നേരത്തേ കൊടിസുനിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച്‌ പി.ജയരാജനും രംഗത്ത് വന്നിരുന്നു. 30 ദിവസത്തേക്കാണ് കൊടിസുനിക്ക് പരോള്‍ നല്‍കിയത്.

കൊടിസുനിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ച്‌ മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ ഡിജിപിയ്ക്ക് പരോളിന് അനുവദിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കൊടിസുനിക്ക് പരോള്‍ നല്‍കിയതില്‍ എന്താണ് ഇത്ര അപരാധം എന്നായിരുന്നു നേരത്തേ പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. ആറുവര്‍ഷത്തോളം പരോള്‍ കിട്ടിയിട്ടേ ഇല്ലാത്തയാളാണ് കൊടി സുനിയെന്നും മറ്റുള്ളവര്‍ക്ക് കോവിഡ് കാലത്ത് പരോള്‍ നല്‍കിയപ്പോള്‍ പോലും കൊടി സുനിക്ക് അത് അനുവദിച്ചില്ലെന്നും ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *