ദരിദ്രര്‍, വനിതകള്‍, യുവാക്കള്‍, കര്‍ഷകര്‍; നാല് വിഭാഗങ്ങള്‍ക്ക് ബജറ്റില്‍ മുൻഗണന

ദരിദ്രർ, വനിതകള്‍, യുവാക്കള്‍, കർഷകർ എന്നീ നാല് വിഭാഗങ്ങള്‍ക്കാണ് ബജറ്റില്‍ മുൻഗണനയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

രാജ്യത്ത് ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കാൻ സർക്കാറിന് സാധിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായി കിസാൻ സമ്മാൻ യോജനയിലൂടെ 11.2 കോടി പേർക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനം വർധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങള്‍ ബഹുവിധ ദാരിദ്രത്തില്‍ നിന്ന് മോചനം നേടിയെന്നും മന്ത്രി പറഞ്ഞു.

സ്കില്‍ ഇന്ത്യ മിഷൻ 1.4 കോടി യുവാക്കള്‍ക്കാണ് പരിശീലനം നല്‍കിയത്. 3000 പുതിയ ഐ.ടി.ഐകള്‍ സ്ഥാപിച്ചു. ഏഴ് ഐ.ഐ.ടികള്‍, 16 ഐ.ഐ.ഐ.ടികള്‍, ഏഴ് ഐ.ഐ.എമ്മുകള്‍, 15 എ.ഐ.ഐ.എമ്മുകള്‍, 390 സർവകലാശാലകള്‍ എന്നിവ സ്ഥാപിച്ചു.

പി.എം മുദ്ര യോജനയിലൂടെ 22.5 ലക്ഷം കോടിയാണ് സംരംഭകർക്കും യുവാക്കള്‍ക്കും വായ്പയായി നല്‍കിയത്. മേല്‍ക്കൂര സോളാർ ഊർജപദ്ധതിയിലൂടെ ഒരു കോടി വീടുകളില്‍ മാസം തോറും 300 യൂനിറ്റ് വൈദ്യുതി ലഭിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *