കുവൈത്ത് തീ പിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.
ജയശങ്കറിന് കത്തയച്ചു. ദൗർഭാഗ്യകരമായ സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. കുവൈത്ത് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങള്‍ ഇന്ത്യൻ എംബസിക്ക് നല്‍കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.
അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തീപിടിത്തത്തില്‍ 40ലേറെ പേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായുമുള്ള വാർത്തകള്‍ ഏറെ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കുവൈത്തിലെ തൊഴിലാളി ക്യാമ്ബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 21 പേർ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. 11 പേർ മലയാളികളാണ്. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത്. മരിച്ച 40 പേരില്‍ 21 പേരുടെ വിവരങ്ങള്‍ ലഭ്യമായി. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിൻ എബ്രഹാം സാബു, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി.വി , വിശ്വാസ് കൃഷ്ണൻ, അരുണ്‍ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്‌സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്.
മാംഗെഫില്‍ എൻബിടിസി കമ്ബനിയുടെ നാലാം നമ്ബർ ക്യാമ്ബിലാണ് അഗ്‌നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടർന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. അല്‍ അദാൻ ആശുപത്രിയില്‍ 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അല്‍ കബീർ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഫർവാനിയ ആശുപത്രിയില്‍ 6 പേർ ചികിത്സയിലുണ്ട്. പരുക്ക് പറ്റി ചികിത്സയില്‍ ഉള്ളവർ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. മുഴുവൻ സഹായവും നല്‍കുമെന്ന് അംബാസഡർ അറിയിച്ചു.
കുവൈത്ത് തീപിടിത്തം; അനുശോചിച്ച് പ്രതിപക്ഷ നേതാവ്
കുവൈത്തില്‍ മംഗെഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്. 45ല്‍ അധികം മരണങ്ങളും നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റതുമായാണ് പുറത്തു വരുന്ന വാർത്തകള്‍. അപകടത്തില്‍ നിരവധി മലയാളികള്‍ക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. കേരളത്തെ ആകെ കരയിക്കുന്ന ദുരന്തമാണ് ഉണ്ടായത്. കുവൈത്തിലെ മലയാളി സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.