ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഐവൈ കാർഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി.
13 ഇനങ്ങള്‍ ഉള്‍പ്പെടുന്നതാകും ഇത്തവണത്തെ ഓണക്കിറ്റ്. ഇതിനായി 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷൻകടകള്‍ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക.
സംസ്ഥാനത്തെ റേഷൻ കടകള്‍ മുഖേനയാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. കഴിഞ്ഞതവണ നല്‍കിയ ഇനങ്ങള്‍ നിന്നും അധികം വ്യത്യസ്തമല്ലാതെയാണ് ഇത്തവണയും ഓണക്കിറ്റ് ഒരുക്കിയിരിക്കുന്നത്. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്ബാർപൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങള്‍ക്കൊപ്പം തുണിസഞ്ചിയും ഉള്‍പ്പെടുന്നതാകും 2024 ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ ഉണ്ടാകുക. ഓണക്കിറ്റ് വിതരണം എന്നുമുതല്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ അറിയിപ്പ് നല്‍കിയിട്ടില്ല. വൈകാതെ ഇക്കാര്യത്തില്‍ സർക്കാർ വിവരങ്ങള്‍ പങ്കുവയ്ക്കും.
ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 6 മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഓണം ഫെയറുകളില്‍ ഒരുക്കും.
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ മാവേലി – സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇതിനു പുറമെ പ്രമുഖ കമ്ബനികളുടെ ബ്രാന്‍റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി വില്‍പ്പന നടത്തുമെന്നും സർക്കാർ അറിയിച്ചു.
സെപ്റ്റംബര്‍ 7 മുതല്‍ 14വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 1500 ഓണചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്നത്. ഇതില്‍ 73 എണ്ണം ത്രിവേണി സ്റ്റോറുകളിലൂടെയും ബാക്കിയുള്ളവ സഹകരണ ബാങ്കുകള്‍ മുഖേനയുമാണ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു. സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ 13 ഇനം സാധനങ്ങള്‍ക്കാണ് സബ്സിഡി നല്‍കുന്നത്. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ത്രിവേണികളില്‍ സാധനങ്ങള്‍ ലഭ്യമാണ്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സർക്കാർ ഔദ്യോഗിക ഓണാഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു.