ആന്ധ്ര മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഓഫീസ് അഞ്ച് വർഷംകൊണ്ട് കഴിച്ചത് 3.5 കോടി രൂപയുടെ മുട്ട പഫ്‌സെന്ന് ആരോപണം.
ഒരു മുട്ട പഫ്സിന് ശരാശരി 20 രൂപ കണക്കാക്കിയാല്‍ അഞ്ച് വർഷത്തിനിടെ 18 ലക്ഷം മുട്ട പഫ്‌സാണ് ഇവർ അകത്താക്കിയത്. പുറത്ത് വന്ന കണക്കുകള്‍ പ്രകാരം പ്രതിദിനം 1000 ത്തോളം മുട്ട പഫ്സാണ് ജഗൻ മോഹനും കൂട്ടരും കൂടി വാങ്ങിയത്.
ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ മുൻ സർക്കാരിന്റെ സാമ്ബത്തിക ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതോടെയാണ് എഗ് പഫ് അഴിമതി” പുറത്ത് വന്നത്. ഇതിന് പുറമേ ജഗൻ മോഹൻ സ്വന്തം സുരക്ഷയ്‌ക്കായി വൻ തുക ചെലവഴിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ റുഷിക്കൊണ്ടയിലെ ആഡംബര റിസോർട്ട് നിർമ്മാണം, സ്വകാര്യയാത്രയ്‌ക്കായി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതും അന്വേഷണ പരിധിയില്‍ വരും.
അതേസമയം, “എഗ് പഫ് അഴിമതി” ഉപയോഗിച്ച് ജഗന്റെയും പാർട്ടിയുടെയും വിശ്വാസ്യത തകർക്കാൻ ടിഡിപി ശ്രമിക്കുകയാണെന്ന് വൈഎസ്‌ആർസിപി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപി 135 സീറ്റുകള്‍ നേടിയപ്പോള്‍ വൈഎസ്‌ആർസിപിക്ക് 11 സീറ്റുകള്‍ മാത്രമാണ് നേടാനായത്.