ജനത്തെ കരുതിക്കൂട്ടി ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വേദിയിലാണെങ്കിലും പുറത്താണെങ്കിലും പൊതുസമൂഹം പ്രതികരിക്കണമെന്ന് ഇടത് എംഎല്‍എ കെ.ടി.ജലീല്‍.
മലപ്പുറം എസ്.പി. എസ്. ശശിധരനെതിരെ പൊതുവേദിയില്‍ നടത്തിയ വിമർശനത്തിലും തുടർന്നുണ്ടായ വിവാദത്തിലും പി.വി. അൻവർ എംഎല്‍എ പിന്തുണച്ചുകൊണ്ടായിരുന്നു ജലീലിന്റെ പ്രതികരണം.
ഏത് നട്ടപ്പാതിരക്കും ഒരാവശ്യത്തിന് പൊതുപ്രവർത്തകരേ ഉണ്ടാകൂ, ദുരന്തമുഖത്ത് ഉദ്യോഗസ്ഥർ രാപ്പകല്‍ പണിയെടുക്കാറുണ്ട്. എന്നാല്‍, അവർക്ക് മാസം തികയുമ്ബോള്‍ ശമ്ബളം കിട്ടും. പൊതുപ്രവർത്തകർ ഒരു ചില്ലിക്കാശ് പ്രതിഫലം വാങ്ങാതെയാണ് രാപ്പകല്‍ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെടുന്നതെന്നും ജലീല്‍ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജലീലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം…
അൻവറിനൊപ്പം, ജനങ്ങള്‍ക്കൊപ്പം…
രാഷ്ട്രീയക്കാരെയും പൊതുപ്രവർത്തകരെയും ജനപ്രതിനിധികളെയും കൊള്ളരുതാത്തവരും മോശക്കാരുമാക്കുന്ന പ്രവണത പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതല്ല. ജനപ്രതിനിധികളോട് അപമര്യാദയായി പെരുമാറുന്നത് ഹിറോയിസമായി അവതരിപ്പിക്കുന്ന സിനിമകള്‍ ആവേശത്തോടെ ജനങ്ങള്‍ എതിരേല്‍ക്കുന്നത് ഒരു നൈമിഷിക വികാരത്തിലാണ്. കയ്യടിച്ച് പുറത്തുവരുന്ന അതേ ആളുകളെ തൊട്ടടുത്ത ദിവസം നാം കാണുക പൊതുപ്രവർത്തകരുടെ വീടിനു മുന്നിലാകും.
എംഎല്‍എ എന്ന നിലയില്‍ പിന്നിട്ട 18 വർഷങ്ങളെ സാക്ഷിയാക്കി എനിക്ക് അർത്ഥശങ്കക്കിടയില്ലാത്ത വിധം പറയാൻ കഴിയുന്ന കാര്യം, എന്തൊക്കെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് വിശ്വസിച്ച് സമീപിക്കാവുന്നവർ മറ്റാരെക്കാളും പൊതുപ്രവർത്തകരാണ്. അവർ ഏത് രാഷ്ട്രീയ പാർട്ടികളില്‍ പെട്ടവരാണെങ്കിലും ശരി. സർക്കാർ ശമ്ബളം പറ്റുന്നവരല്ല പൊതുപ്രവർത്തകർ. അവർ ഫോട്ടോക്ക് മുന്നില്‍ നില്‍ക്കാൻ തിക്കിത്തിരക്കിയേക്കാം. പത്രത്തില്‍ പേരുവരാൻ ആഗ്രഹിച്ചേക്കാം. കൂടെപ്പോകുന്നവന്റെ കയ്യില്‍ നിന്ന് രണ്ട് പെറോട്ടയും ഒരു ചാപ്സും വാങ്ങിക്കഴിച്ചേക്കാം. എന്നാല്‍ ഓരോ പൊതുപ്രവർത്തകനും അവരുടെ സമയത്തിന്റെ നല്ലൊരു പങ്ക് നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണ് ചെലവിടുന്നത്.
അവർക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിയാം. പ്രയാസങ്ങള്‍ അറിയാം. ഏത് നട്ടപ്പാതിരക്കും ഒരാവശ്യത്തിന് നാട്ടുകാരുടെ കൂടെപ്പോകാൻ പൊതുപ്രവർത്തകരേ ഉണ്ടാകൂ. അവർക്ക് മഴയും വെയിലും തണുപ്പും ഒന്നും പ്രശ്നമല്ല.
വെള്ളയും വെള്ളയും ധരിച്ച് പുറത്തിറങ്ങുന്ന രാഷ്ട്രീയക്കാരെ കുറിച്ച് പലർക്കും പല ധാരണകളാണ്. ആർക്കോ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ കുഴഞ്ഞ് വീണ് മൃതദേഹം വീട്ടിലെത്തുമ്ബോഴാകും അയാളുടെ യഥാർത്ഥ ചിത്രം നമുക്ക് കിട്ടുക. സ്വന്തമായി വീടില്ലാത്തവർ, കടംകൊണ്ട് ബുദ്ധിമുട്ടുന്നവർ, വീട്ടിലെ പ്രാരാപ്തങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവർ അങ്ങിനെ പോകും ആ നിര. രാഷ്ട്രീയ നേതാക്കളില്‍ അതിസമ്ബന്നർ 5 ശതമാനം പോലും ഉണ്ടാവില്ല. ഏതെങ്കിലും ജനപ്രതിനിധികള്‍ അതിസമ്ബന്നരാണെന്ന ധാരണയില്‍ എല്ലാവരും ആ ഗണത്തിലാണെന്ന് കരുതരുത്.
ഭൂരിഭാഗം പൊതുപ്രവർത്തകരും ജനപ്രതിനിധികളും സാധാരണക്കാരോ മധ്യവർഗ്ഗത്തില്‍ പെട്ടവരോ ആയിരിക്കും.
സമ്ബന്നർക്ക് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ രാഷ്ട്രീയക്കാരുടെ ആവശ്യമില്ല. അവർ നോട്ടിൻകെട്ടുമായി നേരിട്ട് ബന്ധപ്പെട്ട ഓഫീസുകളിലെത്തും. കാര്യം നേടിപ്പോരും. എന്നാല്‍ സമ്ബന്നരല്ലാത്ത സാധാരണക്കാരാണ് പൊതുപ്രവർത്തകരിലൂടെയും ജനപ്രതിനിധികളിലൂടെയും ഉദ്യോഗസ്ഥരെ സമീപിക്കുക. അതറിഞ്ഞിട്ടും അവരുടെ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന ഉദ്യോഗസ്ഥർ എത്ര അക്ഷരങ്ങളുടെ പട്ടം അലങ്കാരമായി കൊണ്ടുനടക്കുന്നവരാണെങ്കിലും അംഗീകരിച്ച് കൊടുക്കാനാവില്ല. കള്ളൻമാർക്കും കൊലപാതകികള്‍ക്കും തനിതെമ്മാടികള്‍ക്കും വേണ്ടി ജനപ്രതിനിധികള്‍ ആരെയും വിളിക്കാറില്ല.
നിസ്സാരമായ കാര്യങ്ങള്‍ക്കാകും സമീപിക്കുക. അത്പോലും ചെവിക്കൊള്ളാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ലെങ്കില്‍ അവർക്കെതിരെ പ്രതിഷേധ ശബ്ദം ഉയർന്നേ തീരൂ. ദുരന്തമുഖത്ത് ഉദ്യോഗസ്ഥർ രാപ്പകല്‍ പണിയെടുക്കാറുണ്ട്. നല്ല കാര്യം. മാസം തികയുമ്ബോള്‍ അവർക്ക് ശമ്ബളം കിട്ടും. എന്നാല്‍ ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ ഒരു ചില്ലിക്കാശ് പ്രതിഫലം പറ്റാതെയാണ് ജീവൻ പണയപ്പെടുത്തി രാപ്പകല്‍ വ്യത്യാസമില്ലാതെ രക്ഷാപ്രവർത്തനങ്ങളില്‍ നിരതരാവുന്നത്. അവർക്കും കുടുംബമുണ്ടെന്ന വിചാരം പൊതുപ്രവർത്തകരെ പുച്ഛിക്കുന്നവർക്ക് ഉണ്ടാവണം. നാളെവാ, മറ്റന്നാള്‍വാ, ഒരാഴ്ച കഴിഞ്ഞ് വാ എന്നു പറഞ്ഞ് ഒരു ജനപ്രതിനിധിയും ജനങ്ങളെ വട്ടം കറക്കില്ല. ജനങ്ങളെ കരുതിക്കൂട്ടി ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പൊതുസമൂഹം പ്രതികരിക്കണം. അത് വേദിയില്‍ വെച്ചാണെങ്കിലും വേദിക്ക് പുറത്തുവെച്ചാണെങ്കിലും.
അൻവർ എംഎല്‍എക്കൊപ്പം.