ആന്ധ്രപ്രദേശിലെ മരുന്ന് ഫാക്ടറിയില്‍ സ്ഫോടനം; 17 പേര്‍ക്ക് ദാരുണാന്ത്യം

ആന്ധ്രപ്രദേശിലെ ഫാർമസ്യൂട്ടിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 17 പേർ മരിച്ചു. അനക്കപള്ളിയിലെ അച്യുതപുരം സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ ഫാക്ടറിയില്‍ കെമിക്കല്‍ റിയാക്ടറിലാണ് സ്ഫോടനം ഉണ്ടായത്.

സ്ഫോടനത്തില്‍ ഫാക്ടറിയിലെ നിരവധി ജീവനക്കാർക്കും ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം.

കമ്ബനിയിലെ ഉച്ചഭക്ഷണ സമയത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനം ഉണ്ടായ നിമിഷങ്ങള്‍ക്കകം തന്നെ പരിസരപ്രദേശങ്ങളില്‍ മുഴുവൻ കനത്ത പുക ഉയർന്നു. കമ്ബനിയില്‍ സ്ഥാപിച്ച റിയാക്ടറിൻ്റെ സമീപത്താണ് സ്ഫോടനമുണ്ടായതെന്നും റിയാക്ടറിന് തകരാർ സംഭവിച്ചിട്ടില്ലെന്നും അനകപ്പള്ളി എസ് പി ദീപിക അറിയിച്ചു. എന്നാല്‍ സ്ഫോടനത്തിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ലെന്ന് എസ് പി വ്യക്തമാക്കി. സ്ഫോടനത്തിന് കാരണമായത് എന്താണെന്ന് വിശദമായി അന്വേഷിച്ച്‌ വരികയാണെന്നും എസ് പി അറിയിച്ചു.

അപകടസമയം കമ്ബനിയില്‍ ഉച്ചഭക്ഷണ സമയമായതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്. ആ സമയം ഷിഫ്റ്റില്‍ 391 ജീവനക്കാരാണ് ജോലിക്കുണ്ടായിരുന്നത്. സ്‌ഫോടനത്തില്‍ അടര്‍ന്നു പോയ ഫാക്ടറി മേല്‍ക്കൂരയുടെ സ്ലാബുകള്‍ പതിച്ചാണ് ആളുകള്‍ക്ക് പരിക്കേറ്റത്. അതേസമയം മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണത്തിനും നായിഡു ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *