പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും രംഗത്ത്. അടിസ്ഥാനപരമായി തന്നെ വിവേചന സ്വഭാവമുള്ളതാണ് നടപടിയെന്ന് ഐക്യരാഷ്ട്രസഭ ആശങ്കയറിയിച്ചു.
2019ല്‍ തന്നെ ഞങ്ങള്‍ പറഞ്ഞതുപോലെ, പൗരത്വ നിയമ ഭേദ?ഗതി വിവേചനപരമായ സ്വഭാവത്തിലുള്ളതും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണ്. യുഎന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നടപടി മനുഷ്യാവകാശ നിയമങ്ങളുടെ പരിധിയില്‍ തന്നെയാണോ വരികയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വഭേദഗതി നടപ്പാക്കാനുള്ള തീരുമാനത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും ഇതെങ്ങനെ പ്രാവര്‍ത്തികമാകുമെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്കയും പ്രതികരിച്ചു. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ വിഭാഗങ്ങള്‍ക്കും നിയമപരമായ തുല്യതയും മൗലികവും ജനാധിപത്യപരവുമായ അവകാശമാണെന്നും യുഎസ് വക്താവ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. അമേരിക്കയുടെയും യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസിന്റെയും അഭിപ്രായങ്ങളോട് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചിട്ടില്ല.
പുതിയ നിയമം മുസ്ലിം വിരുദ്ധമല്ലെന്നും മുസ്ലിം ഭൂരിപക്ഷമുള്ള അയല്‍രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ള നീക്കമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.