ബി ജെ പി രാജ്യത്ത് അശാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ; സിഎഎ നടപ്പാക്കുന്നതിനെതിരെ മമത ബാനര്‍ജി

പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബി ജെ പി രാജ്യത്ത് അശാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള തീരുമാനം ഒരു ‘ലൂഡോ നീക്കമാണ്’ എന്നും മമത ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം. ഇന്ന് സിലിഗുരിയില്‍ റോഡ് ഷോ നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കും. മൈനാകില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പ്രതിഷേധം സംഘടിപ്പിക്കും.

കേരളവും തമിഴ്‌നാടും സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന നിലപാടിലാണ്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച്‌ കേരള സര്‍ക്കാര്‍ നിയമപരിശോധന തുടങ്ങി. സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.പൗരത്വ അവകാശങ്ങള്‍ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണിത്. സിഎഎയുടെ നിയമസാധുതയില്‍ തനിക്ക് സംശയമുണ്ട്.

തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നതെന്നും കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ലെന്നും മമത ആരോപിച്ചു. ‘പൗരത്വ ഭേദഗതി നിയമം നിങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. എന്നാല്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന നിമിഷം മുതല്‍ നിങ്ങള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരായി മാറുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടും. നിങ്ങള്‍ തടവിലാകും. അതിനാല്‍ അപേക്ഷിക്കുന്നതിന് മുമ്ബ് ദയവായി ചിന്തിക്കണം’ മമത ബാനര്‍ജി പറഞ്ഞു.

സിഎഎ നടപ്പിലാക്കിയതിന് ശേഷം ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) ജോലികള്‍ ആരംഭിക്കും. ഇതുവരെ അസമില്‍ മാത്രം നടപ്പാക്കിയ ഇന്ത്യന്‍ പൗരന്മാരുടെ റെക്കോര്‍ഡാണ് എന്‍ആര്‍സി. പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആളുകളെ തടവിലാക്കുകയാണ് ലക്ഷ്യം. ബംഗാളില്‍ ഇത് സംഭവിക്കാന്‍ താന്‍ അനുവദിക്കില്ല. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വത്തെക്കുറിച്ച്‌ നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ എന്നും മമത ബാനര്‍ജി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *