മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുള്‍പൊട്ടലില്‍ മരണം 19 ആയി. ഒലിച്ചുവന്ന പത്തോളം മൃതദേഹങ്ങള്‍ നിലമ്ബൂർ ചാലിയാർ പുഴയില്‍ നിന്നും കണ്ടെത്തി.
മരണസംഖ്യ ഇനിയും ഉയരാം എന്നാണ് വിവരം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ അഞ്ച് മന്ത്രിമാർ വയനാട്ടിലെത്തും. കരസേനയുടെ 190 അംഗ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ടെറിട്ടോറിയല്‍ ആർമി കോഴിക്കോട് 122 ബറ്റാലിയനില്‍ നിന്നും ഒരു കമ്ബനി ഉടൻ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.
മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരല്‍മല പാലവും പ്രധാന റോഡും തകർന്നതോടെ ഇവിടെനിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ സാധിച്ചിട്ടില്ല. നിലവില്‍ 250 അംഗ എൻഡിആർഎഫ് സംഘം ചൂരല്‍ പുഴയ്‌ക്ക് ഇക്കരെയുള്ള ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.
ചൂരല്‍മലയില്‍ സൈന്യം എത്തിയ ശേഷം മുണ്ടക്കൈ മേഖലയിലേക്കും ചൂരല്‍പ്പുഴയ്‌ക്ക് അക്കരെയും എത്തിപ്പെടാനായി താല്‍ക്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനം നടത്തും. രക്ഷാപ്രവർത്തനം വ്യോമമാർഗം മാത്രം സാദ്ധ്യമാകുന്ന സാഹചര്യമാണ്. നിലവില്‍ രക്ഷാദൗത്യം പ്രതിസന്ധിയിലാണ്.
കുത്തിയൊലിച്ച് വരുന്ന പുഴയിലൂടെ രക്ഷാപ്രവർത്തനം നടത്തുന്നത് ശ്രമകരമായതിനാല്‍ ഹെലികോപ്റ്റർ ഉടൻ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എയർലിഫ്റ്റിന്റെ സാദ്ധ്യത പരിശോധിക്കാൻ സുളൂരില്‍ നിന്ന് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ അല്‍പ്പസമയത്തിനകം വയനാട്ടിലെത്തും. അതേസമയം, പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഹെലികോപ്റ്ററുകള്‍ക്ക് പ്രവർത്തിക്കാൻ പരിമിതിയുണ്ടായേക്കും.
മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും
സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. കേന്ദ്ര സർക്കാർ പൂർണ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കളക്‌ടറുമായും സംസാരിച്ചു. വയനാട്ടില്‍ അടിയന്തര ഇടപെടലിന് കേന്ദ്രമന്ത്രിമാരോട് സംസാരിക്കുമെന്നും രക്ഷാപ്രവർത്തനത്തില്‍ യുഡിഎഫ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
പാർലമെന്റില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ വിഷയം ഉന്നയിക്കുമെന്നും കേന്ദ്രസഹായം തേടുമെന്നും കെസി വേണുഗോപാല്‍ എംപി അറിയിച്ചു. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ പി സന്തോഷ് കുമാർ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.