ലൈംഗികാതിക്രമക്കേസ്; പ്രജ്ജ്വല്‍ രേവണ്ണ അറസ്റ്റില്‍

ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് മടങ്ങിയെത്തിയ ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണയെ ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റ് ചെയ്തു.

33 ദിവസമായി ജര്‍മ്മനിയില്‍ ഒളിവിലായിരുന്ന പ്രജ്ജ്വല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ലുഫ്താന്‍സ വിമാനത്തിലായിരുന്നു പ്രജ്ജ്വല്‍ മടങ്ങിയെത്തിയത്. 20 മിനിറ്റ് വൈകിയാണ് വിമാനം ലാന്‍ഡ് ചെയ്തത്.

ഒന്നിലധികം ലൈംഗിക അതിക്രമ പരാതിയില്‍ ആരോപണ വിധേയനായ പ്രജ്വല്‍ രേവണ്ണ ഇന്ന് 10 മണിക്ക് നേരിട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിന് കാത്തുനില്‍ക്കാതെ അര്‍ദ്ധരാത്രിയില്‍ ബെംഗളൂരുവില്‍ മടങ്ങിയെത്തിയ പ്രജ്ജ്വലിനെ വിമാനത്താവളത്തില്‍ നിന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബംഗളൂരുവില്‍ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവര്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ നടപടികള്‍ വിലയിരുത്തി.
ലൈംഗിക അതിക്രമ പരാതി ഉയര്‍ന്നതിന് പിന്നാലെ ഏപ്രില്‍ 26 നാണ് പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നത്. പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. വാറണ്ടും പുറപ്പെടുവിച്ചു. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതിന് പിന്നാലെയാണ് മടക്കം. ആരോപണം ശക്തമായതിന് പന്നാലെ പ്രജ്വലിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ. ഹാസനനിലെ സിറ്റിംഗ് എംപിയായ പ്രജ്വലിന് തന്നെയാണ് ഇത്തവണയും ജെഡിഎസ് സീറ്റ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *