വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ശിഖര്‍ ധവാൻ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ.

എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളില്‍ നിന്നാണ് താരം കളിമതിയാക്കിയത്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റർമാരില്‍ ഒരാളാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

“കഥ മുഴുവനായി വായിക്കാൻ പേജ് മറിച്ചുനോക്കണമെന്നൊരു വാക്യമുണ്ട്. ഞാൻ അതാണ് ചെയ്യാൻ പോകുന്നത്. അന്താരാഷ്ട, ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഞാൻ എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്”. -ശിഖർ ധവാൻ പറഞ്ഞു. കരിയറില്‍ ഒപ്പം കളിച്ച ടീമംഗങ്ങളോട് നന്ദി പറഞ്ഞ താരം ആരാധകരാേടുള്ള സ്നേഹവും പ്രകടിപ്പിച്ചു.”ഇന്ന് ഞാൻ തിരിഞ്ഞുനോക്കുമ്ബോള്‍ എനിക്ക് നല്ല ഓർമകള്‍ മാത്രമാണുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതായിരുന്നു എന്റെ ഒരേയൊരു സ്വപ്നം.അതെനിക്ക് സാധിച്ചു. എന്റെ യാത്രയില്‍ സംഭാവനകള്‍ നല്‍കിയ കുറേ പേരുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. ആദ്യം എന്റെ കുടുംബമാണ്. എന്റെ കുട്ടിക്കാലത്തെ പരിശീലകൻ പരേതനായ തരക് സിൻഹ, മദൻ ശർമ. അവരുടെ കീഴിലാണ് ഞാൻ കളിയുടെ ബാലപാഠങ്ങള്‍ പഠിക്കുന്നത്.”-ധവാൻ പറഞ്ഞുനിർത്തി.

ഇന്ത്യയ്ക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനക്രിക്കറ്റിലാണ് താരം കൂടുതല്‍ ശോഭിച്ചത്. ഇടംകൈയ്യൻ ഓപ്പണിങ് ബാറ്റർ എന്ന നിലയില്‍ ഇന്ത്യൻ ടീമില്‍ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ ധവാന് കഴിഞ്ഞു.2022 ഡിസംബറിലാണ് താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഡല്‍ഹിയില്‍ ജനിച്ച ധവാൻ ഓസ്ട്രേലിയക്കെതിരേയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 2013-മുതല്‍ മൂന്നുഫോർമാറ്റിലും ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായി. 2015-ല്‍ ഏകദിനലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം കൂടിയാണ്. നീണ്ട 20-വർഷം നീണ്ട കരിയറിനാണ് തിരശ്ശീല കുറിക്കപ്പെടുന്നത്. ഐപിഎല്ലില്‍ താരം കളി തുടർന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *