സുരക്ഷയ്ക്ക് ആയിരക്കണക്കിന് പോലീസുകാര്‍, കന്യാകുമാരി ബന്ധനത്തില്‍, ദുരിതത്തിലായത് തീര്‍ത്ഥാടര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ ധ്യാനത്തിനായി എത്തിയപ്പോള്‍ ബന്ധനത്തിലായത് തീര്‍ത്ഥാടകര്‍.

രണ്ടുദിവസത്തെ ധ്യാനത്തിനായി ഇവിടെയെത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനായി ആയിരക്കണക്കിന് പോലീസുകാരാണ് അണിനിരക്കുന്നത്. കന്യാകുമാരിയും പരിസരവും സുരക്ഷാ ഉദ്യോഗസ്ഥരാല്‍ വലയംചെയ്യപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി ധ്യാനത്തിനെത്തിയ വിവേകാനന്ദപാറയ്ക്ക് ചുറ്റും കടലിലും നിരീക്ഷണം ശക്തമാണ്.

പ്രധാനമന്ത്രിയുടെ വരവറിയാതെ കന്യാകുമാരിയിലെത്തിയ തീര്‍ത്ഥാടകരെല്ലാം അമിത സുരക്ഷയില്‍ ദുരിതത്തിലായി. വിവേകാനന്ദപാറ സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികള്‍ക്കും നിരാശയോടെ മടങ്ങേണ്ടിവരും.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിലാണ് സ്മാരകത്തിലെ ധ്യാന്‍ മണ്ഡപത്തില്‍ പ്രധാനമന്ത്രി മോദി ധ്യാനിക്കുന്നത്. 131 വര്‍ഷം മുമ്ബ് സ്വാമി വിവേകാനന്ദന്‍ ധ്യാനിച്ച സ്ഥലത്താണ് ധ്യാന്‍ മണ്ഡപം സ്ഥിതിചെയ്യുന്നത്.

വിവേകാനന്ദ പാറ സ്മാരകത്തിലേക്ക് പോകുന്നതിന് മുമ്ബ് പ്രധാനമന്ത്രി ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. ജൂണ്‍ ഒന്നിന് ഇവിടെനിന്നും പുറപ്പെടുന്നതിന് മുമ്ബ് സ്മാരകത്തിനോട് ചേര്‍ന്നുള്ള തിരുവള്ളുവര്‍ പ്രതിമ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പ് മുതലെടുപ്പിനാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ധ്യാനയാത്രയിലൂടെ മോദി നിശബ്ദ പ്രചരണ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനാല്‍ ഇത് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *