മൂന്ന് ദിവസം അതിശക്ത മഴ, പത്തനംതിട്ടയില്‍ രണ്ടിടത്ത് ഉരുള്‍പ്പൊട്ടല്‍

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴയ്ക്ക് സാദ്ധ്യത. ശ്രീലങ്കയ്ക്കും തമിഴ്നാടിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്.

ഇന്നലെ തെക്കൻ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു. ഇത് വരുംദിവസങ്ങളിലും തുടരും.

ഇന്നലെ രണ്ട് മണിക്കൂറിനിടെ പത്തനംതിട്ടയില്‍ 210 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇവിടെ ലഘുമേഘവിസ്ഫോടനമുണ്ടായ സാദ്ധ്യതയും വിഗ്ദ്ധര്‍ തള്ളിക്കളയുന്നില്ല. കോഴഞ്ചേരി കൊട്ടതട്ടി മലയില്‍ ഉരുള്‍പ്പൊട്ടി. ചെന്നീര്‍ക്കരയിലും ഉരുള്‍പ്പൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ വ്യാപക കൃഷിനാശമുണ്ടായി. പത്തനംതിട്ട- തിരുവല്ല പാതയിലും, പുനലൂര്‍- മൂവാറ്റുപ്പുഴ പാതയിലും കോന്നി, വകയാര്‍, കൂടല്‍ എന്നീ സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ചുഴിലിക്കോട് ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ഉണ്ടായി.

ഇന്നലെ പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ശബരിമല സന്നിധാനത്തും കാനന മേഖലയിലും ശക്തമായ മഴ പെയ്തു. ഇടുക്കിയിലെ കുമളി- മൂന്നാര്‍ പാതയില്‍ മരങ്ങളും മണ്ണും റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കുമളി തൂക്കുപാലത്തിന് സമീപത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. തലസ്ഥാന ജില്ലയിലെ നെയ്യാറ്റിൻകര, നെടുമങ്ങാട് ഭാഗത്തും മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചു.

അലര്‍ട്ടുകള്‍ ഇന്ന്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെങ്കിലും ഇന്ന് യെല്ലോ അലര്‍ട്ട് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ‌

പൊന്മുടി അടച്ചു

ശക്തമായ മഴയെ തുടര്‍ന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. മലയോര കടലോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതുജന പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

അതീവ ജാഗ്രത നിര്‍ദ്ദേശം

മഴ ശക്തമായാല്‍ മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടി പെട്ടെന്ന് നദികളില്‍ വെള്ളം പൊങ്ങാനിടയുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലയ്‌ക്കും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *