ആസ്ട്രേലിയക്കെതിരെ ഇന്നാരംഭിക്കുന്ന ട്വന്റി 20 പരമ്ബരക്കുള്ള ഇന്ത്യൻ ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണെയും സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.
ലോകകപ്പ് കളിച്ച പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയ ബി.സി.സി.ഐ, സൂര്യകുമാര്‍ യാദവിനെയാണ് ടീമിന്റെ നായകനായി തെരഞ്ഞെടുത്തത്. നേരത്തെ ഏഷ്യകപ്പില്‍ നിന്നും ലോകകപ്പില്‍ നിന്നും തഴയപ്പെട്ട സഞ്ജു ലോകകപ്പിന് ശേഷമുള്ള പരമ്ബരയില്‍ ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇടം നേടാനായില്ല.
സഞ്ജുവിനെയും ചാഹലിനെയും ഒഴിവാക്കിയതിനെതിരെ സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു ശശി തരൂരിന്റെ വിമര്‍ശനം. ‘ഇത് ശരിക്കും വിവരണാതീതമാണ്. സഞ്ജു വെറുതെ തെരഞ്ഞെടുക്കപ്പെടേണ്ട ആളല്ല, എല്ലാ സീനിയര്‍ താരങ്ങളുടെയും അഭാവത്തില്‍ ടീമിനെ നയിക്കേണ്ടയാളായിരുന്നു. കേരളത്തിനും രാജസ്ഥാൻ റോയല്‍സിനൊപ്പവുമുള്ള അദ്ദേഹത്തിന്റെ ക്യാപ്റ്റനായുള്ള അനുഭവപരിചയം സൂര്യകുമാറിനേക്കാള്‍ നമുക്ക് മുമ്ബിലുള്ളതാണ്. ക്രിക്കറ്റ് പ്രേമികളായ പൊതുജനങ്ങളോട് നമ്മുടെ സെലക്ടര്‍മാര്‍ വിശദീകരിക്കേണ്ടതുണ്ട്. എന്തുകൊണ്ട് യുസ്വേന്ദ്ര ചാഹല്‍ ഇല്ല?’, ശശി തരൂര്‍ കുറിച്ചു.
സൂര്യകുമാറിന് പുറമെ ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടായിരുന്ന ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ടത്. ശ്രേയസ് അയ്യര്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ടീമിനൊപ്പം ചേരും. ഇന്ന് വിശാഖപട്ടണത്താണ് പരമ്ബര ആരംഭിക്കുന്നത്. തിരുവനന്തപുരം, ഗുവാഹത്തി, റായ്പൂര്‍, ബംഗളൂരു എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങള്‍.