ഓഫീസുകളിലെ ആക്രി വില്‍പനയിലൂടെ കേന്ദ്രസര്‍ക്കാര്‍ നേടിയത് 1,163 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.
പിഎംഒ ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വിവരങ്ങള്‍ പങ്കുവച്ചത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായായിരുന്നു ഓഫീസുകള്‍ വൃത്തിയാക്കിയത്. ന്യൂസ് 18 ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
‘രണ്ട് ചന്ദ്രയാൻ ദൗത്യങ്ങളുടെ ബഡ്ജറ്റിന് തുല്യമായ 1,163 കോടി രൂപ സ്ക്രാപ്പ് വില്‍പ്പനയിലൂടെ മോദി സര്‍ക്കാര്‍ സമ്ബാദിച്ചു.’ വെന്നും ട്വിറ്ററില്‍ കുറിക്കുന്നു. 2021 ഒക്ടോബര്‍ മാസം മുതല്‍ ആക്രിസാധനങ്ങള്‍ വിറ്റവകയിലാണ് 1,163 കോടി ലഭിച്ചത്.
ഈ വര്‍ഷം മാത്രം 557 കോടി രൂപ ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ 96 ലക്ഷം പഴയ ഫയലുകളുണ്ടായിരുന്നെന്നും ഇവ നീക്കിയതോടെ ഓഫീസുകളിലാകെ ഒഴിവുവന്ന 355 ലക്ഷം ചതുരശ്രയടി സ്ഥലം പ്രയോജനപ്പെടുത്താനായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ വര്‍ഷത്തെ വിറ്റുവരവിലൂടെ ലഭിച്ച 557 കോടിയില്‍ 225 കോടി റെയില്‍വെ മന്ത്രാലയത്തിന്റെ മാത്രം സംഭാവനയാണ്. പ്രതിരോധ മന്ത്രാലയത്തിന് 168 കോടി രൂപ നേടാനായി.പെട്രോളിയം മന്ത്രാലയത്തിന് 56 കോടി ലഭിച്ചപ്പോള്‍ കല്‍ക്കരി മന്ത്രാലയം ആക്രി വിറ്റ് കണ്ടെത്തിയത് 34 കോടിയാണ്.
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലെ പഴയ ഫയലുകള്‍, തകരാറിലായ വാഹനങ്ങള്‍, ഉപയോഗശൂന്യമായ ഓഫീസ് സാമഗ്രികള്‍ എന്നിവ വില്‍പന നടത്തിയതിലൂടെ 2021 മുതലുള്ള കാലയളവില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ച തുകയാണിത്.