സൊമാറ്റോയ്ക്ക് 401 കോടിയുടെ ജിഎസ്ടി നോട്ടീസ്; നികുതി അടയ്‌ക്കേണ്ടതില്ല എന്ന് കമ്ബനി

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ്. ഡെലിവറി ചാര്‍ജുമായി ബന്ധപ്പെട്ട് ജിഎസ്ടി അടച്ചിട്ടില്ല എന്ന് കാണിച്ചാണ് സൊമാറ്റോയ്ക്ക് ജിഎസ്ടി അധികൃതര്‍ നോട്ടീസ് നല്‍കിയത്.

നോട്ടീസില്‍ സൊമാറ്റോയ്ക്ക് 401.7 കോടിയുടെ നികുതി ബാധ്യതയാണ് കാണിച്ചിരിക്കുന്നത്.

ഡെലിവറി ചാര്‍ജ് സര്‍വീസ് കാറ്റഗറിയിലാണ് ഉള്‍പ്പെടുക. സര്‍വീസ് മേഖലയില്‍ ഉള്‍പ്പെടുന്ന കമ്ബനികള്‍ 18 ശതമാനം നികുതിയാണ് അടയ്‌ക്കേണ്ടത്. ഇത് അടച്ചിട്ടില്ല എന്ന് കാണിച്ചാണ് സൊമാറ്റോയ്ക്ക്് ജിഎസ്ടി അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ജിഎസ്ടി അടയ്‌ക്കേണ്ടതില്ല എന്നാണ് കമ്ബനിയുടെ വിശദീകരണം.

‘ ഡെലിവറി പങ്കാളികള്‍ക്ക് വേണ്ടി കമ്ബനിയാണ് ഡെലിവറി ചാര്‍ജ് ഈടാക്കുന്നത്. കൂടാതെ, പരസ്പര സമ്മതത്തോടെയുള്ള കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഡെലിവറി പങ്കാളികള്‍ ആണ് ഉപഭോക്താക്കള്‍ക്ക് ഡെലിവറി സേവനം നല്‍കുന്നത്. അല്ലാതെ കമ്ബനിക്കല്ല. നികുതി ഉപദേഷ്ടാക്കളില്‍ നിന്നുള്ള അഭിപ്രായങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു. കാരണം കാണിക്കല്‍ നോട്ടീസിന് കമ്ബനി ഉചിതമായ മറുപടി നല്‍കും,’- സൊമാറ്റോ പ്രസ്താവനയില്‍ പറഞ്ഞു.

2019 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച്‌ വരെയുള്ള കാലയളവിലെ നികുതിയും പിഴയും അടയ്ക്കാനാണ് ജിഎസ്ടി അധികൃതരുടെ നിര്‍ദേശം. ഡെലിവറി പങ്കാളികള്‍ക്കായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയ ഡെലിവറി ചാര്‍ജുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. രണ്ടരവര്‍ഷത്തോളം കാലം നികുതി അടച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *