ആരോഗ്യപ്രശ്നങ്ങള്‍ കാരണം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന.
അടുത്തിടെ കാലിന് ശസ്ത്രക്രിയ നടന്നതിനാല്‍ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ട്. നിലവില്‍ അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനമൊഴിഞ്ഞേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.
2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെടുന്നത്. മത്സരമില്ലാതെയാണ് കാനത്തെ വീണ്ടും തെരഞ്ഞെടുത്തത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കുറച്ചുനാളായി പൊതുപരിപാടികളില്‍നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു കാനം. പൊതുപരിപാടികളില്‍ ഇല്ലെങ്കിലും സെക്രട്ടറിയെന്നനിലയില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാമെടുത്തിരുന്നതും കാനം തന്നെയായിരുന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനമൊട്ടാകെ ഓടി നടന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടി വരും. കാനത്തിന് അതു വലിയ ബുദ്ധിമുട്ടാകുമെന്നുകൂടി കണ്ടാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്.
നിലവില്‍ സംസ്ഥാന സെക്രട്ടറിക്കുതാഴെ രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാര്‍കൂടിയുണ്ട് . ഇ. ചന്ദ്രശേഖരനും പി.പി. സുനീറും. ഇവരില്‍ ആര്‍ക്കെങ്കിലും സെക്രട്ടറിയുടെ ചുമതല താത്കാലികമായി നല്‍കാനും സാധ്യതയുണ്ട്. അതേസമയം ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വന്റെ പേരും ഉയര്‍ന്നു വരുന്നുണ്ട്. അടുത്തവര്‍ഷം അദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കും. ദേശീയനേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം നിലവില്‍ സംസ്ഥാനത്തും സജീവമാണ്. മുൻ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ പേരും ഉയര്‍ന്നുവരുന്നുണ്ട്. പാര്‍ട്ടിരീതിയനുസരിച്ച് രണ്ടുവര്‍ഷംകൂടി കാനത്തിന് സെക്രട്ടറിസ്ഥാനത്തു തുടരാൻ കഴിയും .