സ്വപ്നം യാഥാര്‍ഥ്യമാക്കി വിഴിഞ്ഞം; ആദ്യ മദര്‍ഷിപ്പ് തുറമുഖം തൊട്ടു

സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും 2000 കണ്ടെയ്നറുകളുമായെത്തിയ ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പലാണ് നങ്കൂരമിട്ടത്.

രാവിലെ ഏഴു മണിയോടെ 25 നോട്ടിക്കല്‍ മൈല്‍ (46 കിലോമീറ്റർ) അകലെ പുറംകടലിലെത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നല്‍കിയാണ് തുറമുഖത്തേക്ക് സ്വീകരിച്ചത്. വലിയ ടഗ് ഓഷ്യന്‍ പ്രസ്റ്റീജിന്‍റെ നേതൃത്വത്തില്‍ ഡോള്‍ഫിന്‍ സീരിസിലെ 27, 28, 35 എന്നീ ചെറു ടഗുകളാണ് വാട്ടര്‍ സല്യൂട്ട് നല്‍കിയത്. ഒമ്ബതരയോടെ വിഴിഞ്ഞം തുറമുഖത്ത് കപ്പല്‍ നങ്കൂരമിട്ടു.

നങ്കൂരമിട്ട കപ്പലില്‍ നിന്ന് എസ്.ടി.എസ്, യാര്‍ഡ് ക്രെയിനുകള്‍ ഉപയോഗിച്ച്‌ ചരക്കിറക്കല്‍ ആരംഭിക്കും. ഒറ്റ ദിവസം കൊണ്ട് ചരക്കിറക്കല്‍ പൂർത്തിയാകും. വലിയ കപ്പലില്‍ നിന്ന് ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല്‍ (ട്രാന്‍ഷിപ്‌മെന്‍റ്) നടത്തുന്നതിനായി രണ്ട് കപ്പലുകള്‍ ഇന്ന് വിഴിഞ്ഞത്തെത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും നല്‍കുന്ന ഔദ്യോഗിക സ്വീകരണത്തിന് ശേഷം കപ്പല്‍ കൊളംബോയിലേക്ക് പുറപ്പെടും.

രണ്ടു മാസത്തിലേറെ നീളുന്ന ട്രയല്‍ റണ്ണും ശേഷിക്കുന്ന മറ്റു നിർമാണങ്ങളും പൂർത്തിയാക്കി മൂന്ന് മാസത്തിനകം രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖം കമീഷൻ ചെയ്യാനുള്ള പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബറിന് മുമ്ബ് തുറമുഖത്തിന്‍റെ ആദ്യഘട്ടം ഔദ്യോഗികമായി കമീഷൻ ചെയ്യാനാവുമെന്ന ഉറപ്പ് അദാനി പോർട്സ് സർക്കാറിന് നല്‍കിയിട്ടുണ്ട്.

അതേസമയം, തീരശോഷണവും തുറമുഖം മൂലമുള്ള തൊഴില്‍ നഷ്ടവുമടക്കം തീരവാസികള്‍ ഉയർത്തിയ ആശങ്കകള്‍ക്കും ആവലാതികള്‍ക്കും ഇനിയും പൂർണ പരിഹാരമായിട്ടില്ല. എന്നാല്‍, തീരത്ത് ആശങ്കയുടെ കാർമേഘങ്ങള്‍ പടർത്തിയ സമരാന്തരീക്ഷത്തില്‍ മാറ്റം വന്നു. പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങളടക്കം തുറമുഖ നിർമാണ കമ്ബനി നല്‍കുന്ന വാഗ്ദാനങ്ങള്‍ എത്രമാത്രം പ്രാവർത്തികമാകുമെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *