എഐ ക്യാമറയ്ക്ക് കെല്‍ട്രോണിന് പണം അനുവദിച്ച്‌ സര്‍ക്കാര്‍; ആദ്യ ഗഡുവായി 9.39 കോടി നല്‍കും

ഒടുവില്‍ എഐ ക്യാമറകള്‍ വെച്ചതിന് കെല്‍ട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പണം കിട്ടാത്തതിനാല്‍ പിഴയടക്കാനുള്ള ചെല്ലാന്‍ അയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിവെച്ചതോടെയാണ് സര്‍ക്കാര്‍ അനങ്ങിയത്.

പണമില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകള്‍ നിര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടി കെല്‍ട്രോണ്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.

ജൂണ്‍ അഞ്ചുമുതലാണ് എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത്. മൂന്നു മാസത്തിലൊരിക്കല്‍ ക്യാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണ്‍ ചെലവാക്കിയ പണം ഗഡുക്കളായി നല്‍കാനായിരുന്നു ധാരണ പത്രം. പദ്ധതിയില്‍ അഴിമതി ആരോപണം ഉയര്‍ന്നതോടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തി. മാത്രമല്ല ആദ്യ ധാരണ പത്രത്തിലെ പിശകുകള്‍ പരിഹരിച്ച്‌ അനുബന്ധ ധാരണ പത്രം ഒപ്പുവച്ചശേഷം പണം നല്‍കണമെന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം. ആദ്യ ഗഡു കെല്‍ട്രോണിന് കൈമാറാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. പക്ഷേ ക്യാമറ സ്ഥാപിച്ച്‌ ആറുമാസം കഴിഞ്ഞിട്ടും ആദ്യ ഗഡു കെല്‍ട്രോണിന് നല്‍കിയില്ല. 726 ക്യാമറയുടെ പദ്ധതിയില്‍ 692 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ പിഴത്തുക തുക കുറച്ച്‌ 9.39 കോടി നല്‍കിയാല്‍ മതിയെന്നും ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *