വിഴിഞ്ഞത്തേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് തെറ്റ്; സര്‍ക്കാറിന് സങ്കുചിത രാഷ്ട്രീയമെന്ന് ചെന്നിത്തല

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

വി.ഡി. സതീശനെ ക്ഷണിക്കാത്തത് തെറ്റെന്ന് ചെന്നിത്തല പറഞ്ഞു.

പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കണമായിരുന്നു. സംസ്ഥാന സർക്കാറിന് സങ്കുചിത രാഷ്ട്രീയമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഇന്ന് രാവിലെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തിയത്. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും 2000 കണ്ടെയ്നറുകളുമായെത്തിയ ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പലാണ് നങ്കൂരമിട്ടത്. നാളെയാണ് മുഖ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കുന്നത്.

നങ്കൂരമിട്ട കപ്പലില്‍ നിന്ന് എസ്.ടി.എസ്, യാര്‍ഡ് ക്രെയിനുകള്‍ ഉപയോഗിച്ച്‌ ചരക്കിറക്കല്‍ ആരംഭിക്കും. ഒറ്റ ദിവസം കൊണ്ട് ചരക്കിറക്കല്‍ പൂർത്തിയാക്കി നാളെ കപ്പല്‍ കൊളംബോയിലേക്ക് പോകും. വലിയ കപ്പലില്‍ നിന്ന് ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല്‍ (ട്രാന്‍ഷിപ്‌മെന്‍റ്) നടത്തുന്നതിനായി രണ്ട് കപ്പലുകള്‍ ഇന്ന് വിഴിഞ്ഞത്തെത്തും.

Leave a Reply

Your email address will not be published. Required fields are marked *