ചൈനക്ക് പകരം ഇന്ത്യയില്‍ ആപ്പിള്‍ വികസിപ്പിക്കുന്ന ആദ്യ ഫോണ്‍ – ഐഫോണ്‍ 17

‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകള്‍ ഇപ്പോള്‍ നിലവിലുണ്ടെങ്കിലും, അവ രാജ്യത്ത് അസംബിള്‍ ചെയ്യുന്നത് മാത്രമാണെന്നും ഫോണിന്റെ പ്രധാന വികസനം ചൈനയിലാണ് നടക്കുന്നതെന്നുമെക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

എന്നാല്‍, ആപ്പിള്‍ പതിയെ പതിയെ ചൈനയെ പൂര്‍ണ്ണമായും ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. കൂപ്പര്‍ട്ടിനോ ഭീമൻ ആദ്യമായി ഒരു ഐഫോണ്‍ മോഡല്‍ ഇന്ത്യയില്‍ വികസിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

പ്രമുഖ അനലിസ്റ്റായ മിങ് ചി കുവോ എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇതുവരെ പ്രാഥമിക ഓപ്ഷനായിരുന്ന ചൈനക്ക് പകരം തങ്ങളുടെ വരാനിരിക്കുന്ന വനില ‘ഐഫോണ്‍ 17’ -ന്റെ പൂര്‍ണ്ണമായ വികസനം ഇന്ത്യയില്‍ നടത്താനാണ് ആപ്പിള്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത് 2024 ന്റെ രണ്ടാം പകുതിയില്‍ ആരംഭിച്ചേക്കാം, ലോഞ്ച് 2025 ന്റെ രണ്ടാം പകുതിയിലും നടക്കും.

ഡിസൈൻ വികസനത്തിലെ ബുദ്ധിമുട്ട് കുറക്കാനാണ് ഇന്ത്യയില്‍ സ്റ്റാൻഡേര്‍ഡ് മോഡല്‍ മാത്രം വികസിപ്പിക്കുന്നത്. ഇത് ഡിസൈൻ അപകടസാധ്യതകള്‍ കുറയ്ക്കും. നിലവിലെ സാഹചര്യത്തില്‍ പോലും സ്റ്റാൻഡേര്‍ഡ് മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതും.

2024-ഓടെ ആഗോളതലത്തില്‍ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകളുടെ ശതമാനം 20-25% ആയി വര്‍ദ്ധിപ്പിക്കാൻ ആപ്പിള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഇത് ആഗോള കയറ്റുമതിയുടെ 10-14% ആണ്. അതുപോലെ, ചൈനയിലെ Zhengzhou, Taiyuan എന്നിവിടങ്ങളിലെ ഉല്‍പ്പാദനം ഗണ്യമായി കുറക്കാനും കമ്ബനി ഉദ്ദേശിക്കുന്നുണ്ട്.

ബെംഗളൂരുവിലെ വിസ്‌ട്രോണ്‍ പ്രൊഡക്ഷൻ പ്ലാന്റ് ഏറ്റെടുത്തതിന് ശേഷം ടാറ്റ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കാൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഏകദേശം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് സംഭവിച്ചേക്കാം. രാജ്യത്തെ ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ 75-80% വിഹിതമുള്ള ഫോക്‌സ്‌കോണുമായി മത്സരിക്കാൻ ടാറ്റ ഇന്ത്യയില്‍ ഐഫോണ്‍ 17 പൂര്‍ണ്ണമായും നിര്‍മ്മിക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്. ഇത് ആപ്പിളിന്റെ പ്രമുഖ വിപണിയായി ഇന്ത്യയെ മാറാൻ സഹായിച്ചേക്കും. കൂടാതെ എല്ലാ ഐഫോണ്‍ മോഡലുകളും ഇവിടെ നിര്‍മ്മിക്കുന്നത് നമുക്ക് ഭാവിയില്‍ കാണാൻ കഴിഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *