നടന്‍, നര്‍ത്തകന്‍, റാപ്പര്‍ തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള യുവതാരം നീരജ് മാധവിന്റെ യാത്രകള്‍ക്ക് കൂട്ടായി ഇനി പുതിയ വാഹനം.
ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ നിരയിലെ പ്രഗല്ഭനായ X5 എന്ന തട്ടുപൊളിപ്പന്‍ എസ്യുവിയാണ് നീരജ് മാധവിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. 1.06 കോടി രൂപയാണ് നീരജ് മാധവ് കൂടെക്കൂട്ടിയിരിക്കുന്ന ഈ ബിഎംഡബ്ല്യു X5 എസ്യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സും ടാക്സുമെല്ലാമായി വാഹനത്തിന് കൊച്ചിയില്‍ ഏകദേശം 1.36 കോടി രൂപയോളം വരും ഓണ്‍-റോഡ് വില.
നാല് വ്യത്യസ്ത വേരിയന്റുകളില്‍ വരുന്ന മോഡലിന്റെ xDrive40i M സ്‌പോര്‍ട്ട് പതിപ്പാണ് നടന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം. സാധാരണ നിറങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്‌പെഷ്യല്‍ യെല്ലോ കളര്‍ ഓപ്ഷനിലാണ് വണ്ടി ഒരുക്കിയിരിക്കുന്നത്. മഞ്ഞ നിരത്തിനൊപ്പം കറുപ്പും ചേര്‍ന്നാണ് ഈ വാഹനം അലങ്കരിച്ചിരിക്കുന്നത്. കേരളത്തിലെ ബിഎംഡബ്ല്യുവിന്റെ മുന്‍നിര വിതരണക്കാരായ ഇവിഎംഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നീരജ് പുതിയ മോഡല്‍ സ്വന്തമാക്കിയത്. KL11 BZ 1212 എന്ന നമ്ബരാണ് നായകനടന്റെ വാഹനത്തിനായി കിട്ടിയിരിക്കുന്നത്. നേരത്തെയും ബിഎംഡബ്ല്യുവിന്റെ നിരയിലെ കുഞ്ഞന്‍ എസ്യുവിയായ X1 ആയിരുന്നു താരത്തിന്റെ വാഹനം. ആംബിയന്റ് ലൈറ്റ് ബാര്‍, കണക്റ്റഡ് കാര്‍ ടെക്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഹര്‍മാന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. വെന്റിലേറ്റഡ്, ഇലക്‌ട്രിക് ഫ്രണ്ട് സീറ്റുകള്‍, 4-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിംഗ്, റിവേഴ്‌സ് അസിസ്റ്റന്റ്, സറൗണ്ട് വ്യൂ ക്യാമറ, ഡ്രൈവ് റെക്കോര്‍ഡര്‍, റിമോട്ട് പാര്‍ക്കിംഗ് എന്നിവയാണ് നീരജിന്റെ X5 എസ്യുവിയുടെ മറ്റ് സവിശേഷതകള്‍.
ഡീസലിന് പകരം പെട്രോള്‍ എഞ്ചിനുള്ള മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് 381 bhp കരുത്തില്‍ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ഈ ആഡംബര എസ്യുവിക്ക് സാധിക്കും. വെറും 5.4 സെക്കന്‍ഡിനുള്ളില്‍ കാറിന് 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനോടൊപ്പം 48V ഇലക്‌ട്രിക് മോട്ടോറും സ്റ്റാന്‍ഡേര്‍ഡായി വരുന്നുണ്ട്.