ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജപ്പാന്‍റെ ‘സ്‍ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂണ്‍) പേടകത്തിലെ സോളാർ പാനല്‍ പ്രവർത്തന രഹിതം.
ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസി ‘ജാക്സ’ ആണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ പ്രധാന പേടകം അതിലെ ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 74 ശതമാനം ചാർജുള്ള ബാറ്ററിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ബാറ്ററിക്ക് ഒരു പരിധിയുണ്ടെന്നും തുടർ പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതിയില്ലെന്നും പ്രോജക്റ്റ് മാനേജർ ഹിതോഷി കുനിനാക വ്യക്തമാക്കി.
സമയം മാറുന്നതിന് അനുസരിച്ച് സൂര്യപ്രകാശത്തിന്റെ ദിശ മാറും. സൂര്യപ്രകാശം സോളാർ പാനലിന്‍റെ സെല്ലുകളില്‍ പതിക്കാൻ സാധ്യതയുണ്ട്. സോളാർ പാനല്‍ പ്രവർത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഹിതോഷി കുനിനാക വ്യക്തമാക്കി. അതേസമയം, സോളാർ പാനല്‍ പ്രവർത്തന രഹിതമായതിനാല്‍ പേടകത്തിലെ ബാറ്ററി റീ ചാർജ് ചെയ്യാൻ സാധിക്കില്ല. അതിനിടെ, ചന്ദ്രനില്‍ ഇറങ്ങിയ ‘സ്‍ലിം’ പേടകത്തില്‍ നിന്നുള്ള സിഗ്നലിനായി കാത്തിരിക്കുകയാണ് ‘ജാക്സ’.
വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 8.54നാണ് ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ‘ജാക്സ’യുടെ ‘സ്‍ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂണ്‍) പേടകം ചന്ദ്രോപരിതലത്തിലെ ശിയോലി ഗർത്തത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. അമേരിക്ക, സോവിയറ്റ് യൂനിയൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കു ശേഷം ചന്ദ്രനില്‍ മൃദുവിറക്കം നടത്തുന്ന അഞ്ചാമത്തെ രാജ്യവും ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യ വിജയത്തിനു പിന്നാലെ സോഫ്റ്റ് ലാൻഡിങ് നടത്തിയ മറ്റൊരു ഏഷ്യൻ രാജ്യവും കുടിയാണ് ജപ്പാൻ. കൂടാതെ, സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ഈ നൂറ്റാണ്ടിലെ മൂന്നാമത്തെ രാജ്യവുമാണ്.